ലൈംഗിക പീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ രാജ്യം വിട്ട ഹാസന്‍ എം.പിയും മുന്‍പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണയെ തിരികെയെത്തിക്കാന്‍ കര്‍ണാടക പൊലീസ് നടപടി തുടങ്ങി . പ്രജ്വലിനും അച്ഛന്‍ രേവണ്ണയ്ക്കും സമന്‍സ് അയച്ചു. അതേ സമയം പ്രജ്വലിന്റെ ലൈംഗിക പീഡനങ്ങളെ കുറിച്ചു നേരത്തെ അറിവുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍ ബി.ജെ.പി നിഷേധിച്ചു.ഹാസന്‍ ഹോളേനരസിപ്പുര പൊലീസ് ഞയറാഴ്ച രജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലാണു സമന്‍സ് നല്‍കിയത്. പ്രജ്വലും പിതാവ് എം.എല്‍.എയും മുന്‍ മന്ത്രികൂടിയായ എച്ച്.ഡി. രേവണ്ണയും ലൈംഗികമായി പീഡിപ്പിച്ചെന്ന മുന്‍ വീട്ടുവേലക്കാരിയുടെ പരാതിയിലാണു കേസെടുത്തിരുന്നത്. ചോദ്യം ചെയ്യലിനായി ബെംഗളുരുവിലെ എസ്.ഐ.ടി.ആസ്ഥാനത്ത് എത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ എസ്.ഐ.ടി. രൂപീകരിക്കുമെന്ന സൂചനയെ തുടര്‍ന്നു ശനിയാഴ്ച പുലര്‍ച്ചെയാണു പ്രജ്വല്‍ ജര്‍മനിയിലേക്കു രക്ഷപ്പെട്ടത്. ഇയാളെ തിരികെ എത്തിക്കാനുള്ള നടപടിയുടെ ആദ്യഘട്ടമാണു സമന്‍സ്.
സമന്‍സ് മടങ്ങിയാല്‍ ഒളിവില്‍ പോയതായി പ്രഖ്യാപിക്കും. തുടര്‍ന്നു ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. അതേ സമയം പ്രജ്വല്‍ ഒളിച്ചോടിയിട്ടില്ലെന്നും എസ്.ഐ.ടി വിളിച്ചാല്‍ ഹാജരാകുമെന്നും എച്ച്.ഡി. രേവണ്ണ പറഞ്ഞു. ഹോളേ നരസിപ്പുരയിലെ ബി.ജെ.പി നേതാവ് ദേവേരാജ് ഗൗഡ വഴിയാണു ദൃശ്യങ്ങള്‍ പുറത്തുപോയതെന്നു സ്ഥിരീകിച്ചിട്ടുണ്ട്. പീഡന ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് ഇയാള്‍ക്കാണു കൈമാറിയതെന്നു പ്രജ്വലിന്റെ മുന്‍ഡ്രൈവറും വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ബി.ജെ.പി സംസ്ഥാന നേതാക്കളെ കഴിഞ്ഞ ഡിസംബറില്‍ തന്നെ അറിയിച്ചിരുന്നുവെന്നാണു ദേവരാജ് ഗൗഡയുടെ വാദം. ഗൗഡ നല്‍കിയ കത്തിനെ കുറിച്ച് അറിയില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര പറഞ്ഞു. അതേ സമയം ഇരകളില്‍ നിന്നു മൊഴിയെടുക്കുന്നത് അന്വേഷണ സംഘം തുടരുകയാണ്.