കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടക്കാർ തന്നെ വിജയിപ്പിച്ചാൽ ശബരിമല അയ്യപ്പന് വേണ്ടിയാകും പാർലമെന്‍റിൽ ആദ്യം പ്രസംഗിക്കുകയെന്ന് ബി.ജെ.പി നേതാവ് പി.സി. ജോർജ്. ശബരിമല തീർഥാടകരുടെ സുഖ സൗകര്യങ്ങൾക്ക് വേണ്ടിയാവും സംസാരിക്കുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും വിശ്വാസികൾക്ക് വരാനും പോകാനുമുള്ള സൗകര്യം ഒരുക്കണം. ശബരിമല വട്ടുതട്ടാനുള്ള സ്ഥലമല്ല. തുണി ഉടുക്കാത്ത പെണ്ണുങ്ങളെ കയറ്റാനുള്ള സ്ഥലവുമല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സമരം ചെയ്ത ആളാണ് താൻ.
ലോക്സഭ തെരഞ്ഞെടുപ്പിൽ ക്രൈസ്തവരുടെ 100 ശതമാനം പിന്തുണ എൻ.ഡി.എക്ക് ലഭിക്കും. ക്രൈസ്തവ സഭകളിലെ എല്ലാ വിഭാഗവുമുള്ള ജില്ലയാണ് പത്തനംതിട്ട. കൂടാതെ, ജില്ലയിലെ ഏറ്റവും കൂടുതൽ വോട്ടർമാർ പെന്തിക്കോസ് വിഭാഗമാണ്. ഈ വിഭാഗത്തിന്‍റെയും കാസയുടെയും പിന്തുണ തനിക്കുണ്ടെന്നും പി.സി. ജോർജ് പറഞ്ഞു.
ലോക്സഭ സ്ഥാനാർഥിയായി തന്നെ ബി.ജെ.പി പരിഗണിക്കുന്നതിൽ സന്തോഷമുണ്ട്. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ട സീറ്റിൽ മാത്രമേ മത്സരിക്കൂ. പത്തനംതിട്ട അല്ലാതെ മറ്റൊരു ലോക്സഭ മണ്ഡലം ബി.ജെ.പി നൽകിയാൽ ഉപദ്രവിക്കരുതെന്ന് പറയുമെന്നും പി.സി. ജോർജ് വ്യക്തമാക്കി.