തൃശ്ശൂരിൽ 20,000ത്തിൽ കുറയാത്ത ഭൂരിപക്ഷമുണ്ടാകുമെന്ന് കെപിസിസി നേതൃയോഗത്തിൽ വിലയിരുത്തൽ. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് എന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.
നാട്ടിക, പുതുക്കാട് മണ്ഡലങ്ങളിൽ വിഎസ് സുനിൽകുമാർ ലീഡ് ചെയ്യും. ബാക്കി 5 മണ്ഡലങ്ങളിലും യു.ഡി.എഫ് ലീഡ് ചെയ്യും. തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം ബിജെപി രണ്ടാം സ്ഥാനത്തെത്തും. പാലക്കാട്, കണ്ണൂർ, ആറ്റിങ്ങൽ, മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ കടുത്ത മത്സരം നേരിട്ടു. നാലിടത്തും അവസാന ലാപ്പിൽ ജയിച്ചു കയറും എന്നാണ് വിലയിരുത്തൽ.
കോൺഗ്രസ് മത്സരിച്ച് 16 മണ്ഡലങ്ങളിലും വിജയം ഉറപ്പ്. സംസ്ഥാനത്ത് നിശബ്ദതരംഗമാണ് ഉണ്ടായിരുന്നത്. ഭരണവിരുദ്ധ വികാരമായിരുന്നു. പോളിംഗ് ശതമാനം കുറഞ്ഞത് ഇടതുമുന്നണിയെ ബാധിക്കും. കണ്ണൂരിൽ ആദ്യഘട്ടത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അവസാനത്തോടെ അത് പരിഹരിച്ചു. അതിനാൽ ജയം ഉറപ്പെന്നും കെ സുധാകരൻ നേതൃയോഗത്തിൽ പറഞ്ഞു.
തോൽക്കുമെന്നത് വെറും പ്രചരണമായി കണ്ടാൽ മതിയെന്ന് വികെ ശ്രീകണ്ഠൻ യോഗത്തിൽ പറഞ്ഞു. കഴിഞ്ഞ തവണ ഞാൻ മൂന്നാമത് ആകുമെന്നായിരുന്നു പ്രചാരണം. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. കുറഞ്ഞത് 25000 ഭൂരിപക്ഷമെങ്കിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.