Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഫലസ്തീൻ അനുകൂല വിദ്യാർഥി പ്രക്ഷോഭം ഏറ്റെടുത്ത് ജപ്പാനും ഫ്രാൻസും ആസ്ത്രേലിയയുംദക്ഷിണ കൊറിയയിലെ യു.എസ് എംബസിക്ക് സമീപവും...

ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രക്ഷോഭം ഏറ്റെടുത്ത് ജപ്പാനും ഫ്രാൻസും ആസ്ത്രേലിയയുംദക്ഷിണ കൊറിയയിലെ യു.എസ് എംബസിക്ക് സമീപവും പ്രതിഷേധം

ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രക്ഷോഭങ്ങൾ ഏറ്റെടുത്ത് ജപ്പാനും ഫ്രാൻസും ആസ്ത്രേലിയയും. ഗസ്സയിലെ ഇസ്രായേൽ ക്രൂരതക്കെതിരെ ടോക്കിയോ വസെദ സർവകലാശാലയിലെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഫലസ്തീനെ സ്വതന്ത്രമാക്കൂ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. ഫലസ്തീനെ സ്വതന്ത്രമാക്കുക, ഗസ്സയെ രക്ഷിക്കുക എന്നീ വാചകങ്ങളും ഇസ്രായേലിനെതിരായ മുദ്രാവാക്യങ്ങളും അടങ്ങിയ ബാനറുകളും പ്ലക്കാർഡുകളും വിദ്യാർഥികൾ കയ്യിലേന്തിയിരുന്നു.

ജപ്പാന് പുറമെ ആസ്ത്രേലിയയി​ലും വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. സിഡ്നിയിലടക്കമുള്ള കാമ്പസുകളിൽ വിദ്യാർഥികൾ ക്യാമ്പുകൾ സ്ഥാപിച്ചു. അമേരിക്കയിലെ 150ഓളം കാമ്പസുകളിൽ ഗസ്സ ഐക്യദാർഢ്യ ക്യാമ്പുകൾ ഉയർന്നതിന് ചുവടുപിടിച്ചാണ് ജപ്പാനിലെയും ആസ്ത്രേലിയയിലെയും വിദ്യാർഥികൾ തെരുവിലിറങ്ങിയത്. അമേരിക്കയിൽ നടന്ന ഐക്യദാർഢ്യ പ്രകടനങ്ങളിൽ പ​ങ്കെടുത്ത രണ്ടായിരത്തോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കയിൽ വിദ്യാർഥി പ്ര​ക്ഷോഭം തുടരുകയാണ്.

യൂറോപ്യൻ നഗരങ്ങളും ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രക്ഷോഭത്തിന് സാക്ഷ്യംവഹിച്ചു. പാരീസിൽ നൂറകണക്കിന് വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. സ്റ്റുഡന്റ് യൂണിയൻ, നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ് ഓഫ് ഫ്രാൻസ്, ന്യൂ ആന്റി കാപിറ്റലിസ്റ്റ് പാർട്ടി, എൻ.പി.എ, യങ് കമ്മ്യൂണിസ്റ്റ്സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷധേം.

ഫലസ്തീനികളുടെ കൂട്ടക്കൊല സാമ്രാജ്യത്വത്തിന്റെ പിന്തുണയിലാണ് നടക്കുന്നതെന്ന് വിദ്യാർത്ഥിയും റവല്യൂഷണറി കമ്മ്യൂണിസ്റ്റ് ഇൻ്റർനാഷണൽ അംഗവുമായ അനൗക് കുറ്റപ്പെടുത്തി. അമേരിക്ക ഇസ്രായേലിലേക്ക് 13 ബില്യൺ ഡോളർ സഹായമാണ് നൽകിയത്. ഫ്രാൻസ് അവർക്ക് ആയുധങ്ങൾ നൽകിയെന്നും അദ്ദേഹം ആരോപിച്ചു.

‘ഇസ്രായേൽ കൊലയാളി, മാക്രോൺ പങ്കാളി’, ‘യുദ്ധം നിർത്തുക, കോളനിവത്കരണം അവസാനിപ്പിക്കുക’, ‘നെതന്യാഹു പുറത്തുപോവുക, ഫലസ്തീൻ നിങ്ങളുടേതല്ല’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിദ്യാർഥികൾ മുഴക്കി.

ലാ ഫ്രാൻസ് ഇൻസൗമിസ് പാർട്ടിയിലെ പ്രതിനിധികളും വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ചെത്തി. ഈ വിദ്യാർഥികൾ സംഘടതിരാണ്, അവർ പൂർണ സ്വാതന്ത്ര്യത്തോടെ അവരുടെ പ്രവർത്തനങ്ങൾ ചെയ്യുന്നുവെന്ന് പാർട്ടി നേതാവ് തോമസ് പോർട്ടസ് പറഞ്ഞു. അവർ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നന്ദി പറയാനാണ് ഞങ്ങൾ ഇവിടെയെത്തിയത്, കാരണം അവർ ഈ രാജ്യത്തിന്റെ അഭിമാനമാണ്. അവർക്ക് ഞങ്ങളെപ്പോലുള്ളവരെ ആവശ്യമുണ്ട്, അതിനാലാണ് അവരെ പിന്തുണക്കുന്നത്. ഫലസ്തീൻ ജനതയുടെ ശബ്ദവും സമാധാനത്തിന്റെയും അന്തരാഷ്ട്ര നിയമത്തിന്റെയും ശബ്ദവും ഒരുമിച്ച് കൊണ്ടുപോകാൻ ഞങ്ങൾ അവരു​ടെ പക്ഷത്തുണ്ടാകുമെന്നും തോമസ് പോർട്ടസ് കൂട്ടിച്ചേർത്തു.

അതേസമയം, വിദ്യാർഥി പ്രക്ഷോഭത്തെ എതിർത്ത് ഇസ്രായേൽ അനുകൂലികൾ രംഗത്ത് വന്നത് സംഘർഷം സൃഷ്ടിച്ചു. പൊലീസ് ഇടപെട്ടാണ് വിദ്യാർഥികളെ തിരിച്ചയച്ചത്.

വിദ്യാർഥി പ്രക്ഷോഭത്തെ യഹൂദ വിരുദ്ധതയായി ആരോപിക്കുന്നത് ഫലസ്തീൻ സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്തുന്നതിന് തുല്യമാണെന്ന് പാരീസിലെ സയൻസസ് പോ യൂനിവേഴ്സിറ്റിയിലെ ജൂത വിദ്യാർഥി മേരി പറഞ്ഞു. യഹൂദൻമാരെന്ന നിലയിൽ ഫലസ്തീനെ പിന്തുണക്കാനുള്ള സമരത്തിൽ ഞങ്ങൾക്കും സ്ഥാനമുണ്ട്. ഇസ്രായേലിനെയും അവരുടെ വംശഹത്യ നയത്തെയും പിന്തുണക്കാത്ത ജൂതൻമാർക്ക് ആന്റി സയണിസവും ആന്റി സെമിറ്റിസവും കൂടിച്ചേരുന്നത് വളരെ ദോഷകരമാണെന്നും അവർ പറഞ്ഞു.

ലിയോണിലെയും പാരീസിലെയും സയൻസസ് പോ കാമ്പസിലെ ഫലസ്തീൻ അനുകൂല പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാർഥികളെ കഴിഞ്ഞദിവസം പൊലീസ് ഒഴിപ്പിച്ചിരുന്നു. കാമ്പസ് അടച്ചിട്ട് ഓൺലൈനിലാണ് ക്ലാസുകൾ നടന്നത്. ലാ സോർബോൺ, പാരീസ് 8, ലില്ലെ ജേണലിസം സ്കൂൾ എന്നിവിടങ്ങളിലും പ്രകടനങ്ങൾ നടന്നു.

ഇസ്രായേലിന് ആയുധം നൽകരുതെന്നാവശ്യപ്പെട്ട് ദക്ഷിണ കൊറിയയിലും പ്രതിഷേധം നടന്നു. സോളിലെ യു.എസ് എംബസിക്ക് സമീപമായിരുന്നു പ്രതിഷേധം. ഹ്യുണ്ടായി പോലുള്ള കമ്പനികൾ ഇസ്രായേലിന് ഫലസ്തീനികളുടെ വീടുകൾ ​പൊളിക്കാനുള്ള യന്ത്രങ്ങൾ നൽകരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ 47 ദശലക്ഷം ഡോളറിന്റെ ആയുധമാണ് ​കൊറിയയിൽ നിന്ന് ഇസ്രായേലിലേക്ക് കയറ്റിയയച്ചത്. യു.എൻ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ ആവശ്യപ്പെട്ടിട്ടും ഇസ്രായേലിന് ആയുധം നൽകുന്നത് കൊറിയ അവസാനിപ്പിച്ചിട്ടില്ലെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ ആരോപിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com