കാസർഗോഡ് ബേഡകം സ്റ്റേഷനിലെ എ എസ് ഐ വിജയന്റെ ആത്മഹത്യയിൽ ആരോപണങ്ങളുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. കേരളത്തിലെ പൊലീസുകാർക്ക് മേൽ വ്യാപകമായി സിപിഐഎം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് വിമർശനം. യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ സംസ്ഥാന വ്യാപകമായി കള്ളക്കേസെടുക്കാൻ സിപിഐഎം പൊലീസിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇങ്ങനെ കള്ളക്കേസുണ്ടാക്കാൻ ഭരണം ഉപയോഗിക്കുകയാണ്. വടകരയിലും സമാനമായ രീതിയിൽ കള്ളക്കേസിന് ശ്രമം നടന്നു. താനും ഭരണകൂട ഭീകരതയുടെ ഇരയാണെന്നും കെ എം ഷാജി പറഞ്ഞു.
കള്ളക്കേസെടുക്കാൻ കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സി പി എം ഭീഷണിപ്പെടുത്തുകയാണ്. ഇതിൻ്റെ ഇരയാണ് ബോഡകം ഗ്രേഡ് എസ് ഐ വിജയൻ. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും കെ.എം ഷാജി കാസർഗോഡ് പറഞ്ഞു.
വിഷം കഴിച്ചതിനെ തുടർന്ന് ആരോഗ്യ നില മോശമായ വിജയൻ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിഎം ഉനൈസിനെതിരായി സിപിഐഎം വനിതാ നേതാവ് നൽകിയ പരാതിയിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വിജയൻ. ഈ കേസിലുണ്ടായ സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കോൺഗ്രസ് ആരോപണം.
സമ്മർദ്ദം ഉണ്ടായതായി സഹപ്രവർത്തകരോട് പറഞ്ഞിരുന്നെന്ന് പൊലീസിലെ ഒരു വിഭാഗം പറയുന്നു. സിപിഐഎം നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയും പറഞ്ഞു.