സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. സുകൃതം അടക്കം പതിനെട്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്‍തിട്ടുണ്ട്. തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനാണ്.
അന്ത്യം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു. 70 വയസ്സായിരുന്നു. എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി 1994ല്‍ പുറത്തിറക്കിയ സുകൃതത്തിന്റെ സംവിധായകൻ എന്ന നിലയിലാണ് പ്രേക്ഷകരുടെ പ്രിയങ്കരനായത്. 1981ലെ ആമ്പല്‍പൂവ് ആണ് ആദ്യചിത്രം. രചന പെരുമ്പടം ശ്രീധരനുമായി ചേര്‍ന്നായിരുന്നു.
എ കെ ലോഹിതദാസിന്റെ തിരക്കഥയില്‍ സംവിധാനം ചെയ്‍ത ഉദ്യാനപാലകനു പുറമേ ശ്രീനിവാസന്റെ തിരക്കഥയില്‍ സ്വയംവര പന്തല്‍ എന്നിങ്ങനെ വേറിട്ട ചിത്രങ്ങള്‍ ഹരികുമാര്‍ ഒരുക്കി. സദ്ഗമയ, ക്ലിന്റ്, എഴുന്നള്ളത്ത്, ജാലകം, ഊഴം തുടങ്ങിയവയ്‍ക്ക് പുറമേ ഒരു സ്വകാര്യം, പുലര്‍വെട്ടം അയനം, പറഞ്ഞു തീരത്ത വിശേഷങ്ങള്‍ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. സാഹിത്യകാരൻ എം മുകുന്ദന്റെ രചനയില്‍ സംവിധാനം ചെയ്‍ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന ചിത്രമായി പ്രദര്‍ശനത്തിന് എത്തിയത്. നിരൂപക ശ്രദ്ധ നേടിയവയായിരുന്നു ഹരികുമാര്‍ സംവിധാനം ചെയ്‍തവയില്‍ ഏറെയും.
സംവിധായകൻ ഹരികുമാര്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയില്‍ രണ്ട് തവണ അംഗമായിരുന്നു. മികച്ച മലയാള ഫീച്ചര്‍ സിനിമയ്‍ക്കുള്ള ദേശീയ തലത്തില്‍ സുകൃതത്തിന് ലഭിച്ചിരുന്നു. അക്കൊല്ലം മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് ജോണ്‍സണും ലഭിച്ചു. ഭാര്യ ചന്ദ്രികയാണ്.