കോഴിക്കോട്: വടകര തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ ദിവസം പ്രചരിക്കപ്പെട്ട കെ.കെ ഷൈലജയെ കാഫിർ എന്ന് പരാമർശിക്കുന്ന വാട്‌സ്ആപ്പ് സന്ദേശത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ലീഗ് പ്രവർത്തകനായ മുഹമ്മദ് കാസിമിന്റെ പേരിൽ വന്ന വാട്‌സ്ആപ്പ് സന്ദേശം വ്യാജമെന്ന് കാണിച്ച് മുഹമ്മദ് കാസിമും യൂത്ത് ലീഗും പരാതി നൽകിയെങ്കിലും പൊലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
സി.പി.എം നേതാക്കൾ ഇപ്പോഴും ഈ സന്ദേശം യു.ഡി.എഫിനെതിരെ ആയുധമാക്കുന്നുമുണ്ട്. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട വാട്‌സ്ആപ്പ് സന്ദേശത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച യൂത്ത് ലീഗ് എസ്.പി ഓഫീസ് മാർച്ച് നടത്തും.
വടകരയിൽ സി.പി.എം അപകടക്കളി തുടരുകയാണ്. ഉത്തരേന്ത്യയിൽ ബി.ജെ.പി ചെയ്യുന്നതുപോലെ കേരളത്തിൽ ഇസ്ലാമോഫോബിയ പടർത്തുകയാണ് സി.പി.എമ്മെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ആരോപിച്ചു. വടകരയിൽ യു.ഡി.എഫ് വർഗീയ പ്രചരണം തുടരുന്നുവെന്നാരോപിച്ച് എൽ.ഡി.എഫും പ്രചരണ പരിപാടികളുമായി മുന്നോട്ടുപോവുന്നുണ്ട്.