Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവെസ്റ്റ് നൈല്‍ പനി; കോഴിക്കോട് അഞ്ചു കേസുകൾ റിപ്പോർട്ട് ചെയ്തു

വെസ്റ്റ് നൈല്‍ പനി; കോഴിക്കോട് അഞ്ചു കേസുകൾ റിപ്പോർട്ട് ചെയ്തു

കോഴിക്കോട്: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചത് അഞ്ചു കേസുകളാണെന്ന് ജില്ലാ കളക്ടർ. നാലുപേർക്ക് രോഗം ഭേദമായി. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

ആവശ്യമായ പ്രതിരോധമാർഗങ്ങള്‍ സ്വീകരിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. കുടിവെളള സ്രോതസുകളിൽ ശുചീകരണം ഉറപ്പാക്കും. സംശയമുള്ള മേഖലയിൽ ശുചികരണ പ്രവൃത്തികൾ നടക്കും. സംശയിക്കുന്ന കേസുകളിൽ സാംപ്ലിംഗ് നടക്കുന്നുണ്ടെന്നും കളക്ടർ വ്യക്തമാക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലകൾക്ക് നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞയാഴ്ച്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദേശം നല്‍കി.

ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. 2011 മുതല്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ല. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനിയും കാണാറുള്ളത്. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വ്യക്തികള്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കാതെ നോക്കണമെന്നും മന്ത്രി അറിയിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments