ന്യൂഡൽഹി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും കർഷക കുടുംബാംഗങ്ങൾക്കുള്ള ധനസഹായ വിതരണം സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന മേയ് 13 വരെ നിർത്തിവെക്കണമെന്നും തെരഞ്ഞെടുപ്പ് കമീഷൻ.
‘റെയ്ത്തു ബറോസ’ പദ്ധതിയിലെ ധനസഹായം മേയ് ഒമ്പതിനോ അതിനു മുമ്പോ നൽകുമെന്ന് പൊതുയോഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫിസർക്ക് നൽകിയ കത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. നാലാംഘട്ടമായ മേയ് 13നാണ് തെലങ്കാനയിലെ 17 ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്.
നിലവിലുള്ള പദ്ധതി തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയവത്കരിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച കമീഷൻ, ഇത് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും വിലയിരുത്തി. പദ്ധതിയിൽ പുതിയ ഗുണഭോക്താക്കളെ ചേർക്കരുതെന്നും പരസ്യപ്രചാരണമില്ലാതെയായിരിക്കണം ധനസഹായ വിതരണമെന്നും കഴിഞ്ഞവർഷം നിയമസഭ തെരഞ്ഞെടുപ്പിനിടെ നിർദേശിച്ചിരുന്നുവെന്നും കമീഷൻ വ്യക്തമാക്കി.
ബി.ആർ.എസ് സർക്കാർ ‘റയത്തു ബന്ധു’ എന്ന പേരിൽ നടപ്പാക്കിയ പദ്ധതി കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ‘റെയ്ത്തു ബറോസ’ എന്നാക്കുകയായിരുന്നു. തങ്ങളാണ് പദ്ധതി നടപ്പാക്കിയതെന്ന് പ്രസംഗിച്ച ബി.ആർ.എസ് നേതാവായ മുൻ മന്ത്രിയും പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.