ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് സാം പിത്രോഡ. ഒരു വര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന. ‘കിഴക്ക് ചൈനാക്കാരനെ പോലെ, പടിഞ്ഞാറുള്ളവര്‍ അറബിയെ പോലെ, വടക്ക് ഭാഗത്തുള്ളവര്‍ വെള്ളക്കാരനെപ്പോലെയും, ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയും…’, എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസ്താവന വംശീയവും വിവാദവുമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ഓവര്‍സീസ് അധ്യക്ഷന്‍ കൂടിയാണ് സാം പിത്രോഡ.
ഇന്ത്യയുടെ വൈവിധ്യങ്ങളെ കുറിച്ചും അവ കോണ്‍ഗ്രസ് എങ്ങനെ നിര്‍ത്തലാക്കിയെന്നുമുള്ളത് വിശദീകരിക്കുമ്പോഴാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. എന്നാല്‍, ഇതിനെതിരെ ബിജെപി നേതാക്കള്‍ വ്യാപക പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്. അമേരിക്കയിലേതുപോലെ ഇന്ത്യയിലും പാരമ്പര്യ സ്വത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന നേരത്തെയുള്ള അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെയും ബിജെപി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം. എന്നാല്‍, ഇത്തരം വൈവിദ്ധ്യങ്ങളൊന്നും പ്രശ്‌നമല്ലെന്നും ഞങ്ങള്‍ സഹോദരി, സഹോദരന്മാരെ പോലെയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ജനാധിപത്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്നും സാം പിത്രോഡ പറഞ്ഞു.
എന്നാല്‍, ഇത് വംശീയപരവും രാജ്യത്തെ ഭിന്നിപ്പിക്കുന്നതുമാണെന്ന് ബിജെപി നേതാവും നടിയും ലോക്‌സഭ സ്ഥാനാര്‍ഥിയുമായ കങ്കണ റണാവത്ത് പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയുടെ ഉപദേശകനാണ് സാം പിത്രോഡ. ഇന്ത്യക്കാരെ വംശീയമായി പരിഹസിക്കുന്നതാണ് ഈ പ്രസ്ഥാവനയെന്നും കങ്കണ പറഞ്ഞു. എന്നാല്‍, അദ്ദേഹത്തിന്റെ നിലപാട് എപ്പോഴും കോണ്‍ഗ്രസിന്റേതായിരിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് ജയറാം രമേശ് പ്രതികരിച്ചു. സംഭവത്തില്‍ പ്രതിഷേധവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുംം രംഗത്തെത്തി. സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് പറഞ്ഞു.