ചണ്ഡീഗഡ്: ഹരിയാനയിലെ ബി.ജെ.പി സർക്കാറിനെ താഴെയിറക്കാൻ അവിശ്വാസ പ്രമേയം കൊണ്ടുവരികയാണെങ്കിൽ കോൺഗ്രസിനെ പിന്തുണക്കുമെന്ന് ജെ.ജെ.പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല. പ്രതിപക്ഷ നേതാവായ ഭൂപീന്ദർ സിങ് ഹൂഡക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന ജെ.ജെ.പി ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് സഖ്യം ഉപേക്ഷിച്ചത്.
പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ തങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി സര്‍ക്കാരിനെതിരേ വോട്ട് ചെയ്യുമെന്ന് ചൗട്ടാല പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019ൽ ബി.ജെ.പിയുമായി ജെ.ജെ.പി സഖ്യമുണ്ടാക്കിയപ്പോൾ മനോഹർ ലാൽ ഖട്ടാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത് ചൗട്ടാല.
ഹരിയാനയിൽ മുഖ്യമന്ത്രി നയബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ന്യൂനപക്ഷമായിരിക്കുകയാണ്. ഇന്നലെ മൂന്ന് സ്വതന്ത്ര എം.എൽ.എമാർ സർക്കാറിന് നൽകിയ പിന്തുണ പിൻവലിച്ചതോടെയാണിത്. ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുന്നതായും കോൺഗ്രസിനെ പിന്തുണക്കുന്നതായും എം.എൽ.എമാർ അറിയിക്കുകയായിരുന്നു.മൂന്ന് അംഗങ്ങൾ പിന്തുണ പിൻവലിച്ചതോടെ 90 അംഗ നിയമസഭയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷം നഷ്ടമായി. രണ്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ 88 ആണ് സഭയുടെ ആകെ അംഗസംഖ്യ. എൻ.ഡി.എ സഖ്യത്തിന് 45 അംഗങ്ങളുടെ പിന്തുണയാണുണ്ടായിരുന്നത്. മൂന്ന് പേരെ നഷ്ടമായതോടെ ഭരണപക്ഷത്ത് 42 പേർ മാത്രമായി. സ്വതന്ത്രരുടെ പിന്തുണയോടെ കോൺഗ്രസിന് 34 പേരുടെ പിന്തുണയായി.