ബിലീവേഴ്സ് ചർച്ച് ഈസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ വിടവാങ്ങി. സുവിശേഷ പ്രസംഗത്തിൽ ആരംഭിച്ച് ഒടുവിൽ സ്വന്തമായി ഒരു സഭ തന്നെ രൂപീകരിച്ച മതപ്രചാരകനായിരുന്നു കെ പി യോഹന്നാൻ. വിദ്യാഭ്യാസം മുതൽ ആതുരസേവനം വരെ വ്യാപിച്ച് കിടക്കുന്നതാണ് അദ്ദേഹം നയിച്ച ബിലിവേഴ്സ് ചർച്ചിൻ്റെ പ്രവർത്തന മണ്ഡലം.
കെ പി യോഹന്നാൻ എന്ന പേര് മലയാളികൾ കേട്ടിട്ടുണ്ടാവുക, ആത്മീയ യാത്ര എന്ന പരിപാടിയുമായി ബന്ധപ്പെട്ടുകൊണ്ടാവും. ചിതറിയ ചിന്തകളെ ക്രമത്തിൽ അടുക്കി, വിശ്വാസികൾക്ക് പ്രചോദനമേകാൻ പോന്ന വിധത്തിൽ അവതരിപ്പിക്കുന്ന സുവിശേഷ പ്രസംഗ പരിപാടിയായിരുന്നു ആത്മീയ യാത്ര. 1985 ൽ അതേപേരിൽ ആരംഭിച്ച റേഡിയോ പരിപാടിയിൽ നിന്നായിരുന്നു തുടക്കം. ഇന്ന് ഏഷ്യയിലുടനീളം 110 ഭാഷകളിൽ പ്രക്ഷേപണമുണ്ട്.
മലയാളത്തിലെന്ന പോലെ ഇംഗ്ലീഷിലും സരസവും സുവ്യക്തവുമായി സംസാരിക്കാനുള്ള കഴിവ് യോഹന്നാന് അന്താരാഷ്ട്ര പ്രസിദ്ധി നൽകി. 2011-ൽ റേഡിയോ യിൽ നിന്ന് ടെലിവിഷനിലേക്കുള്ള ചുവടുമാറ്റം. ആത്മീയ യാത്ര ഇന്ന് യൂട്യൂബ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയും സജീവം. ആത്മീയ യാത്ര പിന്നീട് ബിലീവേഴ്സ് ചർച്ച് എന്ന പേരിൽ 2003-ൽ ഒരു എപ്പിസ്‌ക്കോപ്പൽ സഭയായി. യോഹന്നാൻ അതിന്റെ മെത്രാപ്പോലീത്തയും.