ദില്ലി: ഹരിയാനയിലെ ബിജെപി സർക്കാരിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ കോൺഗ്രസ് നേതാക്കൾ ഗവർണറെ കാണാൻ സമയം തേടി. ജെജെപി എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ നിലവിലെ നായബ് സിംഗ് സയിനി സർക്കാർ ന്യൂനപക്ഷ സർക്കാരായെന്നും ഉടൻ രാജിവയ്ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അതുണ്ടായില്ലെങ്കിൽ ഗവർണർ നടപടിയെടുക്കണമെന്നും കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദീപേന്ദർ ഹൂഡ ആവശ്യപ്പെട്ടു. ജെജെപി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, ഹരിയാനയിൽ ഉടൻ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ജെജെപി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല ഗവർണർക്ക് കത്ത് നൽകി. നിലവിലെ ബിജെപി സർക്കാരിനെ പിന്തുണയ്ക്കുന്നില്ലെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്. ഗവർണർ ഭരണഘടനാപരമായ ചുമതല നിർവഹിക്കണമെന്നും ചൗട്ടാല ആവശ്യപ്പെട്ടു.
നിലവിൽ 88 എംഎൽഎമാരുള്ള നിയമസഭയിൽ ബിജെപിയുടെ സംഖ്യ 40 ആണ്. മറ്റ് മൂന്ന് എംഎൽഎമാരുടെ പിന്തുണ കൂടി ബിജെപിക്കുണ്ട്. 30 എംഎൽഎമാരുള്ള കോൺഗ്രസിന് മൂന്ന് സ്വതന്ത്രർ കൂടി പിന്തുണ അറിയിച്ചിട്ടുണ്ട്. പത്ത് എംഎൽഎമാരുള്ള ജെജെപി- കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയ്യാറാണ്. സർക്കാരിനെതിരെ വോട്ടു ചെയ്യുമെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല ആവർത്തിച്ചു.
തൊഴിലാളി സമരം: ഇന്ന് 74 വിമാനങ്ങള്‍ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ്, യാത്രക്കാർ പ്രതിസന്ധിയിൽ
എന്നാൽ ജെജെപിയിലെ അഞ്ച് എംഎൽഎമാർ ബിജെപിയിലേക്ക് ചാടാനുള്ള സാധ്യതയുള്ളതിനാൽ കരുതലോടെ നീങ്ങാനാണ് കോൺഗ്രസ് തീരുമാനം. ജാട്ട് വിഭാഗത്തിൽ നിന്നുള്ള ബിജെപി എംഎൽഎമാർ അതൃപ്തരാണ്. ഇവരെ ഒപ്പം കൂട്ടാൻ കോൺഗ്രസ് നീക്കം തുടരുന്നുവെന്നാണ് സൂചന. ലോക്സഭയിലേക്ക് ശക്തമായ പോരാട്ടം നടക്കുന്ന ഹരിയാനയിലെ ഈ നാടകീയ നീക്കങ്ങൾ ബിജെപിക്ക് കാര്യങ്ങൾ അനുകൂലമല്ലെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്നാണ് കോൺഗ്രസ് കരുതുന്നത്. സംസ്ഥാന സർക്കാർ ആടി നിൽക്കുകയാണെങ്കിലും ലോക്സഭ ഫലം വരുന്നത് വരെ സർക്കാർ താഴെ വീഴാൻ ഇടയില്ല.