Thursday, January 9, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsദൈവം പോലും ഏഴാം ദിനം വിശ്രമിച്ചു: മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ സുധാകരന് ബാലന്റെ മറുപടി

ദൈവം പോലും ഏഴാം ദിനം വിശ്രമിച്ചു: മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ സുധാകരന് ബാലന്റെ മറുപടി

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദർശനത്തെ വിമർശിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരന് കടുത്ത ഭാഷയിൽ മറുപടി നൽകി സിപിഎം നേതാവ് എ.കെ. ബാലൻ. ഒന്നേകാൽ ലക്ഷത്തോളം രൂപ പ്രതിമാസം ശമ്പളമുള്ള മുഖ്യമന്ത്രിക്ക്, വിദേശത്തു പോകാൻ എവിടെനിന്നാണ് പണമെന്ന് ചോദിക്കുന്നതിൽ എന്ത് അർഥമാണുള്ളതെന്ന് ബാലൻ ചോദിച്ചു.

കേന്ദ്രസർക്കാരിന്റെയും പാർട്ടിയുടെയും അനുമതിയോടെയാണ് മുഖ്യമന്ത്രി വിദേശത്തു പോയത്. ഇതിനു പുറമേ ഇനി സുധാകരന്റെ അനുമതി കൂടി തേടണോയെന്ന് ബാലൻ ചോദിച്ചു. ആറുദിവസം കൊണ്ട് ഭൂമിയുണ്ടാക്കിയ ദൈവംപോലും ഏഴാം ദിനം വിശ്രമിച്ചെന്നും വിദേശത്തേക്ക് പോകാന്‍ ഇപ്പോള്‍ വലിയ ചെലവില്ലെന്നും കെ.സുധാകരന് മറുപടിയായി ബാലന്‍ പ്രതികരിച്ചു.

‘‘എന്റെ നാട്ടിലുള്ള ഒരു കർഷക തൊഴിലാളി കുഞ്ഞിക്കണാരനുണ്ട്. ചൈന സന്ദർശിച്ചിട്ട് ഈ അടുത്ത കാലത്താണ് തിരിച്ചുവന്നത്. ഇപ്പോൾ എത്ര കുഞ്ഞിക്കണാരൻമാർ ചൈനയിൽ പോകുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? ഇപ്പോൾ ഒരു വിദേശരാജ്യത്തേക്കു പോകുന്നതിന് അത്ര കാശു വേണോ? മാത്രമല്ല, 92,000 രൂപ പ്രതിമാസം വരുമാനുള്ള ഒരു മുഖ്യമന്ത്രിക്ക് എവിടുന്നാ കാശ് എന്ന് ആവർത്തിച്ചു ചോദിക്കുന്നതിൽ എന്താണ് അർഥം? ടിഎ കൂടി കൂട്ടിയാൽ അദ്ദേഹത്തിന് ഒന്ന്–ഒന്നേകാൽ ലക്ഷം രൂപ എന്തായാലും ശമ്പളം കാണും.

‘‘സുധാകരൻ നടത്തിയ യാത്രകളെക്കുറിച്ചൊന്നും എന്നേക്കൊണ്ടു പറയിക്കേണ്ട. ആലയിൽ നിന്നിറങ്ങിയ പശുവിനെപ്പോലെയും കുട്ടികളേപ്പോലെയും എന്നാണ് സുധാകരൻ പറഞ്ഞത്. ആ പറഞ്ഞതിനൊന്നും മറുപടി ഇല്ലാഞ്ഞിട്ടല്ല. അദ്ദേഹം കുറേ യാത്രകൾ നടത്തിയിട്ടുണ്ട്. ആ യാത്രകളുടെ അനുഭവം വച്ചിട്ടാണ് അദ്ദേഹത്തിന് സംശയം കുടുങ്ങിയത്.

‘‘വിദേശ സന്ദർശനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം വാങ്ങുന്നതിനു പകരം സുധാകരന്റെ അംഗീകാരം വാങ്ങേണ്ടതുണ്ടോ? പാർട്ടിയുടെ അംഗീകാരം വാങ്ങിയതിനു പുറമേ സുധാകരന്റെ അംഗീകാരം വാങ്ങേണ്ടതുണ്ടോ? എന്റെ കയ്യിൽനിന്ന് കാശെടുത്ത് ഒരു സ്വകാര്യ സന്ദർശനം നടത്തുന്നു. അതിന് വേറെ ആരുടെയെങ്കിലും അംഗീകാരം വേണോ?

‘‘സന്ദർശനത്തിന്റെ വിശദാംശങ്ങളെല്ലാം വേണമെന്നാണ് പറയുന്നത്. അപ്പോൾപ്പിന്നെ അടുത്ത ചോദ്യം വരും. ഏതു ഹോട്ടലിലാണ് താമസിച്ചത്, സിംഗിൾ റൂമാണോ ഡബിൾ റൂമാണോ, ഇവരൊക്കെ ഒന്നായിട്ടാണോ താമസിച്ചത്… ഇതിനെല്ലാം മറുപടി പറയാൻ ആരെ കിട്ടും? ഇത്ര പരിഹാസ്യമായ കാര്യത്തിന്റെ കൂടെ ദയവു ചെയ്ത് നിങ്ങൾ പോകരുത്. ഇത് ഇവിടെവച്ച് അവസാനിപ്പിക്കണം.’’ – ബാലൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com