ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങി. ഡൽഹി മദ്യനയ അഴിമതി കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലടച്ച കെജ്രിവാളിന്, സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് വെള്ളിയാഴ്ച രാത്രി ഏഴോടെ തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
നാലാം നമ്പർ ഗേറ്റ് വഴിയാണ് പുറത്തിറങ്ങിയത്. കേസിൽ അറസ്റ്റിലായി 50 ദിവസത്തിനുശേഷമാണ് പുറത്തിറങ്ങുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉൾപ്പെടെ ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കളും പ്രവർത്തകരും കെജ്രിവാളിനെ സ്വീകരിക്കാൻ തിഹാർ ജയിലിനു മുന്നിലെത്തിയിരുന്നു. സുപ്രീംകോടതി ജൂൺ ഒന്ന് വരെ ഉപാധികളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഹരജിയിൽ കെജ്രിവാളിന്റെയും ഇ.ഡിയുടെയും വാദം കേട്ട ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. ജാമ്യം നൽകരുതെന്ന ഇ.ഡിയുടെ ആവശ്യം കോടതി തള്ളി.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ കെജ്രിവാളിന് അനുവാദമില്ല. ഫയലുകളിൽ ഒപ്പിടരുത്. എന്നാൽ, ജാമ്യകാലയളവിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിന് തടസ്സമില്ല. ജാമ്യം നൽകുമെന്ന സൂചന ബെഞ്ച് ചൊവ്വാഴ്ച തന്നെ നൽകിയിരുന്നു. കെജ്രിവാളിനെ സ്ഥിരം കുറ്റവാളിയെന്ന നിലയിൽ പരിഗണിക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കാലമായതിനാൽ ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു. കെജ്രിവാള്‍ മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും അദ്ദേഹത്തിനെതിരെയുള്ളത് ആരോപണം മാത്രമാണെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടിയിരുന്നു.
മുഖ്യമന്ത്രിയുടെ അഭാവത്തിൽ ഡൽഹിയിൽ പല ഫയലുകളും തീർപ്പാക്കാനാകാതെ കിടക്കുന്നുവെന്നും അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടി. ഡൽഹി മദ്യനയക്കേസിൽ മാർച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ആദ്യം ഇ.ഡി കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തെ വിചാരണ കോടതി പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.