യുനൈറ്റഡ് നാഷൻസ്: ഐക്യരാഷ്ട്ര സഭയിൽ ഫലസ്തീന് സമ്പൂർണ അംഗത്വം നൽകുന്നത് പിന്തുണക്കുന്നതിനുള്ള പ്രമേയം പാസാക്കുന്നതിന് തൊട്ടുമുമ്പ് യു.എൻ ചാർട്ടർ കീറിയെറിഞ്ഞ് ഇസ്രായേൽ അംബാസഡർ ഗിലാദ് എർദാൻ. ഫലസ്തീനെ 194ാമത് അംഗമായി അംഗീകരിക്കുന്ന പ്രമേയം യു.എൻ പൊതുസഭ പാസാക്കിയിരുന്നു. അതിനു തൊട്ടുമുമ്പായിരുന്നു എർദാന്റെ നടപടി.യു.എൻ നിരീക്ഷക പദവിയുള്ള ഫലസ്തീനെ പൂർണ അംഗമാക്കാൻ രക്ഷാ കൗൺസിലിനോട് ആവശ്യപ്പെടുന്ന പ്രമേയമാണ് വെള്ളിയാഴ്ച പാസാക്കിയത്. ഇന്ത്യയുൾപ്പെടെ 143 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ചത്. യു.എസും ഇസ്രായേലും ഉൾപ്പെടെയുള്ള ഒമ്പത് രാജ്യങ്ങൾ പ്രമേയം എതിർത്തു.
പ്രമേയം യു.എൻ ചാർട്ടറിന്റെ ലംഘനമാണെന്ന് ഇസ്രായേൽ അംബാസഡർ ആരോപിച്ചു. ”ഈ ദിവസം വളരെ കുപ്രസിദ്ധി നിറഞ്ഞതാണ്. ലോകം മുഴുവൻ ഇത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ പ്രവൃത്തി ലോകം എക്കാലവും സ്മരിക്കണം.”-എന്നു പറഞ്ഞാണ് എർദാൻ ചാർട്ടർ കീറിയെറിഞ്ഞത്.ഫലസ്തീനെ അംഗീകരിക്കുന്ന യു.എന്നിന്റെ തെറ്റായ നടപടി ലോകത്തെ ബോധ്യപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും എർദാൻ എക്സിൽ കുറിച്ചു. യഹ്‍യ സിൻവാർ ഹമാസ് രാഷ്ട്രത്തിന്റെ തലവനാകാനുള്ള പ്രമേയമാണ് യു.എൻ പാസാക്കിയതെന്നും ഇസ്രായേൽ അംബാസഡർ ആരോപിച്ചു.