വടകര: ലൈംഗികാധിക്ഷേപ പരാമര്‍ശത്തില്‍ ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരനെതിരെ വടകര പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസിനെ നിയമപരമായി നേരിടുമെന്ന് ഹരിഹരൻ പറഞ്ഞു.
വെള്ളിയാഴ്ച വടകരയില്‍ യു.ഡി.എഫും ആര്‍.എം.പിയും സംഘടിപ്പിച്ച വര്‍ഗീയതയ്‍ക്കെതിരെയെന്ന കാംപയിനിലാണ് കെ.എസ് ഹരിഹരന്‍ വിവാദ പരാമര്‍ശം നടത്തിയത്. സംഭവത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍, ആര്‍.എം.പി നേതാവ് കെ.കെ രമ തുടങ്ങിയ നേതാക്കളെല്ലാം തള്ളിപ്പറഞ്ഞിരുന്നു. ഹരിഹരന്‍ പരാമര്‍ശം പിന്‍വലിച്ചു മാപ്പുപറയുകയും ചെയ്തിരുന്നു.
അതിനിടെ, ഹരിഹരന്റെ വീടിനുനേരെ ആക്രമണവും നടന്നു. തേഞ്ഞിപ്പലം ഒലിപ്രംകടവിലെ വീടിനുനേരെയാണ് ഇന്നലെ രാത്രി ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടുപേർ സ്ഫോടക വസ്തു എറിയുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.