പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയില്‍ വീണ്ടും സംഘര്‍ഷം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. തെരഞ്ഞെടുപ്പ് പ്രാചാരണത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പല പ്രവര്‍ത്തകര്‍ക്കും ക്രൂരമായ മര്‍ദനമേറ്റു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുകയാണ്. തൃണമൂല്‍ എംഎല്‍എ സുകുമാര്‍ മഹാതയുടെ അനുയായി ടാറ്റന്‍ ഗയെന് കല്ലേറില്‍ പരുക്കേറ്റതോടെയാണ് അക്രമം വ്യാപിച്ചത്. ടിഎംസി സർക്കാർ തങ്ങൾക്കെതിരെ കള്ളക്കേസുകൾ ചുമത്തിയെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
സന്ദേശ് ഖാലി വിഷയത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. . സ്ത്രീകളെ ഷാജഹാൻ ഷെയ്ക്കിന്റെ ഗുണ്ടകൾ ഭീഷണിപ്പെടുത്തുന്നതായി പ്രധാനമന്ത്രി ആരോപിച്ചു. നാലാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് സന്ദേശ് ഖാലി വിഷയം ഉയർത്തി നരേന്ദ്രമോദിയുടെ ബംഗാളിലെ പ്രചരണം.
അതിനിടെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ബലാത്സംഗം പരാതി വ്യാജമാണെന്ന് പരാതിക്കാർ വെളിപ്പെടുത്തുന്നതിന് പിന്നാലെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷണന് തൃണമൂൽ കോൺഗ്രസ് പരാതി നൽകിയത്. വനിതാ കമ്മീഷൻ അധ്യക്ഷയും ബിജെപി പ്രാദേശിക നേതാക്കളും ഭീഷണിപ്പെടുത്തിയാണ് വ്യാജ പരാതി നൽകിയതെന്ന് കത്തിൽ ആരോപിക്കുന്നു.