റാഞ്ചി: ഝാർഖണ്ഡിലെ പലമുവിൽ സ്ഫോടനം. മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേർ കൊല്ലപ്പെട്ടതായാണ് വിവരം. മനതു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ബോംബ് സ്ഫോടനമാണോയെന്ന കാര്യം പരിശോധിച്ച് വരിയാണെന്ന് പലമു എസ്പി അറിയിച്ചു.
തലസ്ഥാന നഗരമായ റാഞ്ചിയിൽ നിന്നും 190 കിലോ മീറ്റർ മാറിയാണ് സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിക്ക് പിന്നാലെ മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി സ്ഥലത്ത് പരിശോധനയും ആരംഭിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.



