ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് പിന്നാലെ മൊബൈൽ ഫോൺ കോൾ, ഡാറ്റ നിരക്കുകളിൽ വർധനവുണ്ടാകുമെന്ന് റിപ്പോർട്ട്. നാലാംവട്ട താരിഫ് വർധനക്ക് ടെലകോം കമ്പനികൾ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. 25 ശതമാനത്തോളം വർധനവാണ് കോൾ, ഡാറ്റ നിരക്കുകളിൽ പ്രതീക്ഷിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ടെലകോം മേഖലയിൽ സുസ്ഥിരമായതും മത്സരാധിഷ്ഠിതവുമായ അന്തരീക്ഷം നിലനിർത്താനും 5ജി മേഖലയിലെ വലിയ നിക്ഷേപത്തിനനുസൃതമായി ലാഭം മെച്ചപ്പെടുത്താനും സർക്കാറിൽ നിന്നുള്ള കൂടുതൽ പിന്തുണക്കുമായി 25 ശതമാനത്തോളം താരിഫ് ഉയർത്തേണ്ട സാഹചര്യമാണെന്ന് ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് കാപിറ്റലിന്‍റെ റിപ്പോർട്ടിൽ പറയുന്നു.