ലക്‌നൗ: രാമക്ഷേത്ര വിധി അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും (എസ്പി) അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് കോണ്‍ഗ്രസിനെതിരെ മോദിയുടെ പരാമര്‍ശം.
കോണ്‍ഗ്രസും സമാജ്‌വാദ് പാര്‍ട്ടിയും യോഗി ആദിത്യനാഥിനെ കണ്ടു പഠിക്കണം. കോണ്‍ഗ്രസും അഖിലേഷ് യാദവിന്റെ എസ്പിയും ബുള്‍ഡോസര്‍ എവിടെ ഉപയോഗിക്കണമെന്ന് യോഗി ആദിത്യനാഥിനെ കണ്ടുപഠിക്കണമെന്നും മോദി പറഞ്ഞു. എസ്പിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട ഇന്ത്യാസഖ്യം അധികാരത്തില്‍ വന്നാല്‍ രാംലല്ല വീണ്ടും കൂടാരത്തിലാകും. അവര്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കും. അവര്‍ യോഗിയെ കണ്ടു പഠിക്കണം. എവിടെ ബുള്‍ഡോസര്‍ ഓടണം, എവിടെ ഓടരുത് എന്ന് അദ്ദേഹം പറഞ്ഞുതരും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഹാട്രിക് വിജയം നേടുമെന്നും മോദി പറഞ്ഞു.
‘എസ്പിയുടെ രാജകുമാരനു ബംഗാളില്‍ നിന്നൊരു ആന്റിയെ പുതുതായി ലഭിച്ചിട്ടുണ്ട്. ഈ ആന്റി ഇന്ത്യാ സഖ്യത്തെ പുറത്തുനിന്ന് പിന്തുണയ്ക്കാം എന്നാണ് പറയുന്നത്’ മമതാ ബാനര്‍ജിയെ പരോക്ഷമായി വിമര്‍ശിച്ച് മോദി പറഞ്ഞു.