കീവ്: വടക്കുകിഴക്കന്‍ മേഖലയില്‍ റഷ്യ ആക്രമണം ശക്തമാക്കുമെന്ന് കരുതുന്നതായി യുക്രെനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. വാര്‍ത്താ ഏജന്‍സി എ എഫ് പിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സമീപ മാസങ്ങളില്‍ വലിയ രീതിയില്‍ മുന്നേറ്റം നടത്താതിരുന്ന റഷ്യന്‍ സൈന്യം മെയ് 10ന് ഖാര്‍കിവ് മേഖലയില്‍ അപ്രതീക്ഷിത ആക്രമണം നടത്തിയിരുന്നു.
യുക്രെയ്‌നിയന്‍ സൈന്യം തടയുന്നതിന് മുമ്പ് റഷ്യന്‍ സൈന്യത്തിന് വടക്കുകിഴക്കന്‍ അതിര്‍ത്തിയിലൂടെ അഞ്ച് മുതല്‍ 10 കിലോമീറ്റര്‍ വരെ മുന്നേറാന്‍ കഴിഞ്ഞുവെന്ന് സെലെന്‍സ്‌കി പറഞ്ഞു.
റഷ്യയെ സംബന്ധിച്ചിടത്തോളം ഈ നീക്കം വലിയ വിജയമാണെന്ന് താന്‍ പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ യുക്രെയ്‌നിയന്‍ ആക്രമണത്തിന് ശേഷം സെലെന്‍സ്‌കി ആദ്യമായാണ് ഒരു വിദേശ മാധ്യമത്തിന് അഭിമുഖം നല്‍കുന്നത്.
ഖാര്‍കിവ് മേഖലയിലെ സ്ഥിതിഗതികള്‍ നിയന്ത്രിച്ചുവെന്നും എന്നാല്‍ സ്ഥിരത കൈവരിച്ചിട്ടില്ലെന്നും സെലെന്‍സ്‌കി പറഞ്ഞു. യുദ്ധം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ റഷ്യയുടെ വ്യോമ മേധാവിത്വത്തെ ചെറുക്കുന്നതിന് കൂടുതല്‍ വ്യോമ പ്രതിരോധവും യുദ്ധവിമാനങ്ങളും ആവശ്യമാണെന്നും അവ നല്‍കണമെന്നും അദ്ദേഹം സഖ്യകക്ഷികളോട് അഭ്യര്‍ഥിച്ചു.
റഷ്യയെ എതിരിടാന്‍ യുക്രെയ്‌ന് 120 മുതല്‍ 130 വരെ എ16 യുദ്ധവിമാനങ്ങളോ മറ്റ് നൂതന വിമാനങ്ങളോ ആവശ്യമാണെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.