Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും ഉണ്ടാവാൻ സാധ്യത; ജാ​ഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും ഉണ്ടാവാൻ സാധ്യത; ജാ​ഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ ജാ​ഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന മലയോര പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയാറാവണം.

സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

സ്വകാര്യ- പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തണം.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാവാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വയ്ക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻ പിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല.

മഴ ശക്തമാവുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കണം. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാവുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.

വൈദ്യതി ലൈനുകൾ പൊട്ടിവീണുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുമ്പ് വൈദ്യുതി അപകട സാധ്യതയില്ലെന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോവുന്നവർ, ക്ലാസുകളിൽ പോവുന്ന കുട്ടികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം- മുഖ്യമന്ത്രി നിർദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments