റഷ്യയിൽ നിരവധി ഇന്ത്യക്കാർ ജോലി തട്ടിപ്പിന് ഇരയായെന്ന് പരാതി. സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ വഞ്ചിച്ചത്. തെലങ്കാന, കർണാടക, ഗുജറാത്ത്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള 12 ഇന്ത്യൻ യുവാക്കൾ യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്. വാഗ്നർ ആർമിയിൽ ചേർന്ന് യുക്രൈൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്യണമെന്ന് ഇവരോട് ആവശ്യപ്പെട്ടതോടെയാണ് തൊഴിൽ തട്ടിപ്പ് പുറത്തായത്.
രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുവാക്കളുടെ വിഡിയോ സന്ദേശം പുറത്തുവന്നു.ഇവരുടെ ബന്ധുക്കൾ യുദ്ധമേഖലയിൽനിന്ന് ഇവരെ മടക്കി കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്.ഫൈസൽ ഖാൻ എന്ന വ്ലോഗറുടെ വിഡിയോ കണ്ടാണ് യുവാക്കൾ ജോലിക്ക് അപേക്ഷിച്ചതെന്നും ഇയാൾ തട്ടിപ്പിലെ ഇടനിലക്കാരനാണെന്നും യുവാക്കളുടെ ബന്ധുക്കൾ വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ കത്തിൽ പറയുന്നു.