തിരുവനന്തപുരം: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ കെഎസ്‌യു സംസ്ഥാന കൺവീനറെ കുടുക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവിന് കെഎസ് യു മെമ്പർഷിപ്പ് നൽകാൻ നീക്കമെന്ന് ആരോപണം. ആലപ്പുഴ ജില്ലാ സെക്രട്ടറിയായി നിയമിക്കാനുള്ള നീക്കത്തിനെതിരെ കെഎസ്‌യു, കോൺഗ്രസ് നേതൃത്വങ്ങൾക്ക് പരാതി നല്‍കി. കെ എസ് യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ ആണ് പരാതി നൽകിയത്.
കെഎസ് യു പ്രവർത്തകനായ അൻസിൽ ജലീൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ചു എന്നായിരുന്നു സിപിഐഎം മുഖപത്രം ദേശാഭിമാനിയിൽ വന്ന വാർത്ത. ഇതിനെതിരെ ജലീൽ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദേശാഭിമാനി വാർത്ത വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ ദേശാഭിമാനി വാർത്ത ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അടക്കം അൻസിൽ ജലീലിനെ അപഹസിച്ച ഡിവൈഎഫ്ഐ പ്രവർത്തകനെ കെഎസ്‌യുവിൽ എടുക്കാൻ നീക്കം എന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
മെമ്പർഷിപ്പ് നൽകുക മാത്രമല്ല ആലപ്പുഴ ജില്ലാ സെക്രട്ടറിയായി നിയമിക്കാനും നീക്കമുണ്ട് എന്ന് പരാതിയിൽ പറയുന്നു. ഇതിനെതിരെ അൻസിൽ ജലീൽ കെ എസ് യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർക്ക് പരാതി നൽകിയെങ്കിലും അനുകൂലമായി നീക്കം ഉണ്ടായിട്ടില്ല. ഇതിനെതിരെ പ്രതിപക്ഷ നേതാവിനെ അടക്കം സമീപിച്ചിരിക്കുകയാണ് അൻസിൽ ജലീൽ