ഗസ്സ സിറ്റി: തെക്കൻ ഗസ്സയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. തുരങ്കത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർക്കും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനും ഗുരുതര പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായതായും സൈന്യം പറഞ്ഞു. ഗസ്സയിലുടനീളം കനത്ത പോരാട്ടം തുടരുകയാണെന്നാണ് റിപ്പോർട്ട്.
അതേസമയം, ജബലിയയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. കമാൽ അദ്‌വാൻ ആശുപത്രിയിൽ 60 മൃതദേഹങ്ങളാണ് എത്തിയതെന്ന് ആശുപത്രി ഡയറക്ടർ പറഞ്ഞു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും ആശുപത്രി ഡയറക്ടർ പറയുന്നു.
ഒക്ടോബർ 7 മുതൽ അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിൽനിന്നുമായി ഇസ്രായേൽ തടവിലാക്കിയ ഫലസ്തീനികളുടെ എണ്ണം 8,680 ആയി. കമീഷൻ ഓഫ് ഡീറ്റെയ്നീസ് ആൻഡ് എക്സ് ഡീറ്റെയ്നീസ് അഫയേഴ്സും ഫലസ്തീനിയൻ പ്രിസണേഴ്സ് സൊസൈറ്റിയും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.