തെൽഅവീവ്: നോർവേയും അയർലൻഡും ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതിൽ പ്രതിഷേധിച്ച് ഇസ്രായേൽ. നോർവേയിൽ നിന്ന് ഇസ്രായേൽ അംബാസഡറെ തിരിച്ചുവിളിച്ചാണ് ഇസ്രായേൽ പ്രതിഷേധം അറിയിച്ചത്. അയർലൻഡിൽ നിന്നും ഉടൻ അംബാസഡറെ തിരിച്ചുവിളിക്കുമെന്നാണ് കരുതുന്നത്. തീവ്രവാദത്തെ അംഗീകരിക്കുന്നുവെന്നാണ് അയർലൻഡും നോർവേയും ലോകത്തിന് നൽകിയ സംഭാവനയെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാത്സ് പ്രതികരിച്ചു.
ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതോടെ ഗസ്സയിലെ വെടിനിർത്തലും ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കുന്നതും അനന്തമായി നീളുമെന്നും വിദേശകാര്യ മന്ത്രി പ്രതികരിച്ചു. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനാണ് തീരുമാനമെങ്കിൽ അംബാസഡറെ പിൻവലിക്കുമെന്ന് സ്പെയിനിനും ഇസ്രായേൽ മുന്നറിയിപ്പ് നൽകി.പശ്ചിമേഷ്യയിൽ സമാധാനം പുലരണമെങ്കിൽ ഫലസ്തീന് രാഷ്ട്രമായി അംഗീകാരം വേണമെന്ന് കഴിഞ്ഞ ദിവസം നോർവേ പ്രധാനമന്ത്രി ജോനസ് ഗഹ്ർ സ്റ്റോർ പ്രസ്താവിച്ചിരുന്നു. മേയ് 28നാണ് നോർവേ ഫലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുക. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതോടെ പശ്ചിമേഷ്യൻ സമാധാന പദ്ധതിയെ കൂടിയാണ് പിന്തുണക്കുന്നതെന്ന് നോർവേ വ്യക്തമാക്കി.
ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങൾ സൂചന നൽകിയിരുന്നു. പശ്ചിമേഷ്യൻ മേഖലയിൽ ശാശ്വത സമാധാനത്തിന് ദ്വിരാഷ്ട്ര പരിഹാരം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ എന്നാണവർ ചൂണ്ടിക്കാട്ടിയത്.നോർവേ യൂറോപ്യൻ യൂനിയൻ രാജ്യമല്ല. ഫലസ്തീന് സ്വതന്ത്രരാഷ്ട്രമാകാനുള്ള അവകാശമുണ്ടെന്നും ഗസ്സയിലെ ഹമാസും മറ്റ് സായുധ സംഘങ്ങളും ദ്വിരാഷ്ട്ര പരിഹാര ഫോർമുലയെ പിന്തുണക്കുന്നില്ലെന്നും നോർവേ സർക്കാർ അറിയിച്ചു. ഓസ്ലോ ഉടമ്പടി ഒപ്പുവെച്ച് 30 വർഷത്തിനു ശേഷമാണ് നോർവേ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത്.