ഗസ്സ: ഗസ്സയിൽനിന്ന് ഹജ്ജിനു പുറപ്പെട്ട ആയിരക്കണക്കിനു തീർഥാടകരെ തടഞ്ഞ് ഇസ്രായേൽ. റഫാ അതിർത്തി നിയന്ത്രണത്തിലാക്കിയ ഇസ്രായേൽ സൈന്യമാണ് തീർഥാടകരെ തടയുന്നത്. ഗസ്സയിലെ ഔഖാഫ്-മതകാര്യ മന്ത്രാലയമാണു പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.
ഹജ്ജിനു പുറപ്പെട്ട ആയിരക്കണക്കിനു ഗസ്സക്കാരെ തടഞ്ഞത് ആരാധനാ സ്വാതന്ത്ര്യത്തിന്റെയും രാജ്യാന്തര മാനുഷിക നിയമങ്ങളുടെയും ലംഘനമാണെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി. ഗസ്സക്കാർക്കും ഗസ്സയിലെ ആരാധനാലയങ്ങൾക്കുമെതിരെ (ഇസ്രായേൽ) അധിനിവേശ സേന നടത്തുന്ന കുറ്റകൃത്യ പരമ്പരകളുടെ കൂട്ടത്തിൽ പുതിയതാണിതെന്നു പറഞ്ഞ മന്ത്രാലയം സൗദി അറേബ്യ, ഈജിപ്ത് ഭരണകൂടങ്ങളോട് വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷത്തെ ഹജ്ജ് നിർവഹിക്കാൻ ഗസ്സക്കാരെ അനുവദിക്കാൻ ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തണമെന്ന് ഇരുരാജ്യങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടു.
ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ ആരംഭിക്കാൻ ഏതാനും ആഴ്ചകൾ ബാക്കിനിൽക്കെയാണ് ഇസ്രായേൽ സൈന്യത്തിന്റെ നടപടി. ഈജിപ്തുമായി അതിർത്തി പങ്കിടുന്ന ഫലസ്തീൻ പ്രദേശമാണ് റഫ. ഫലസ്തീനിൽനിന്നു പുറംലോകത്തേക്കുള്ള ഏക മാർഗം കൂടിയാണിത്. കഴിഞ്ഞ മേയ് ഏഴു മുതൽ ഈ അതിർത്തിപ്രദേശം ഇസ്രായേൽ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്.
മേയ് ആറിനാണ് ദക്ഷിണ ഗസ്സ മുനമ്പിലുള്ള റഫായിൽ ഇസ്രായേൽ കരയാക്രമണം ആരംഭിച്ചത്. ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു ശേഷം 15 ലക്ഷത്തോളം ഫലസ്തീനികൾ പലായനം ചെയ്ത് റഫയിലേക്കായിരുന്നു. ഇവിടെ താൽക്കാലിക അഭയകേന്ദ്രങ്ങളിലാണ് ഇവർ കഴിയുന്നത്. ഇവിടെയും ഇസ്രായേൽ ആക്രമണം ആരംഭിച്ചതോടെ ഇവിടെയും രക്ഷയില്ലാതെ മറ്റു പ്രദേശങ്ങളിലേക്കു മാറുകയാണ് ഫലസ്തീനികൾ.
ഒക്ടോബർ ഏഴിനുശേഷം ഇസ്രായേൽ ഗസ്സയിൽ ആരംഭിച്ച നരനായാട്ട് ഇനിയും അന്ത്യമില്ലാതെ തുടരുകയാണ്. യു.എൻ രക്ഷാസമിതി അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടു പ്രമേയം പാസാക്കിയിട്ടും ആക്രമണത്തിൽനിന്ന് ഇസ്രായേൽ ഒരടി പിന്നോട്ടുപോയിട്ടില്ല. ലോകരാഷ്ട്രങ്ങളുടെ എതിർപ്പുകളും അവഗണിച്ചാണ് സൈന്യം നരഹത്യ തുടരുന്നത്. ഏഴു മാസത്തിനിടെ 35,700 ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവർ 80,000ത്തിലേറെയും വരും.