ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ കേരളത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തുനൽകി. പുതിയ ഡാം നിർമിക്കാൻ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം മെയ് 28ന് വിദഗ്ധ സമിതി പരിഗണിക്കാനിരിക്കെയാണ് സ്റ്റാലിന്റെ കത്ത്. സുപ്രീം കോടതി ഉത്തരവ് മറികടന്നുള്ളതാണ് ഈ നീക്കമെന്നും പദ്ധതിയുമായി മുന്നോട്ടുപോയാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കത്തിൽ പറഞ്ഞു.
മുല്ലപ്പെരിയാറിൽ ഡാം നിർമിക്കാനുള്ള ഡി.പി.ആർ ഒരുമാസത്തിനകം പൂർത്തിയാക്കാൻ കേരളം തീരുമാനിച്ചിരുന്നു. പുതിയ ഡാം നിർമിക്കാൻ ഏഴു വർഷം വേണ്ടിവരുമെന്നാണ് ജലസേചന വകുപ്പിന്റെ നിഗമനം. അടിയന്തര ആവശ്യമായി വേണ്ടിവന്നാൽ അഞ്ചു വർഷംകൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് വിലയിരുത്തൽ.
മുല്ലപ്പെരിയാർ ഡാമിന്റെ 366 മീറ്റർ താഴെയാണ് കേരളം പുതിയ ഡാമിനായി കണ്ടെത്തിയ സ്ഥാലം. പരിസ്ഥിതി ആഘാതപഠനം, വനം വന്യജീവി വകുപ്പിന്റെ അനുമതി എന്നിവ ലഭിക്കേണ്ടതുണ്ട്. പുതിയ ഡാമിന് ഡി.പി.ആർ തയാറാക്കുന്നത് രണ്ടാം തവണയാണ്. 2011ൽ തയാറാക്കിയപ്പോൾ 600 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്.
അതേസമയം ചിലന്തിയാറിലെ തടയണ നിര്‍മാണവുമായി ബന്ധപ്പെട്ട കേരളത്തിന്റെ വാദം ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി. നിര്‍മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് ട്രൈബ്യൂണല്‍ പറഞ്ഞു.