ന്യൂഡല്‍ഹി: ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ മൂന്ന് ദിവസത്തിനകം പ്രധാനമന്ത്രിയുടെ പേര് ‘ഇന്‍ഡ്യ’ ബ്ലോക്ക് പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ലോക്‌സഭ ആറാം ഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് ഇതുസംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രസ്താവന. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ‘ഇന്‍ഡ്യ’ ബ്ലോക്കിന് വ്യക്തമായ ജനവിധി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ മുന്‍കൂട്ടി പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പിനെ നേരിടുന്ന ‘ഇന്‍ഡ്യ’ മുന്നണിക്കെതിരെ ബിജെപിയും നരേന്ദ്ര മോദിയും വിമര്‍ശനം ശക്തമാക്കിയിരുന്നു.
‘അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് പ്രധാനമന്ത്രിമാര്‍’ എന്ന വിമര്‍ശനമാണ് ‘ഇന്‍ഡ്യ’ മുന്നണിക്കെതിരെ ബിജെപി ഉന്നയിച്ചത്. ഇതിനു മറുപടിയാണ് ജയറാം രമേശ് നല്‍കിയത്. നാളെ ആറാം ഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 58 മണ്ഡലങ്ങളിലാണ് പോളിങ്. ഡല്‍ഹിയിലെ ഏഴ് പാര്‍ലമെന്റ് സീറ്റുകളിലും 25നാണ് ജനവിധി. ബിഹാര്‍ (8 സീറ്റുകള്‍), ഹരിയാന (10 സീറ്റുകള്‍), ജമ്മു കശ്മീര്‍ (1 സീറ്റ്), ജാര്‍ഖണ്ഡ് (4 സീറ്റുകള്‍), ഡല്‍ഹി (7 സീറ്റുകള്‍), ഒഡീഷ (6 സീറ്റുകള്‍), ഉത്തര്‍പ്രദേശ് (14 സീറ്റുകള്‍), പശ്ചിമ ബംഗാളില്‍ (8 സീറ്റുകള്‍) എന്നിവടങ്ങളിലാണ് തിരഞ്ഞെടുപ്പ്. 2019 ലെ മിന്നും വിജയം ആവര്‍ത്തിക്കാമെന്ന് ബിജെപി കണക്ക് കൂട്ടുമ്പോള്‍ പല മണ്ഡലങ്ങളും തിരിച്ചു പിടിക്കാന്‍ കഴിയും എന്നാണ് ഇന്‍ഡ്യ സഖ്യത്തിന്റെ ആത്മവിശ്വാസം.
ഉത്തരേന്ത്യയിലെ കനത്ത ചൂട് പോളിങ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്ക തുടരുകയാണ്. മെഹബൂബ മുഫ്തി, മനേക ഗാന്ധി, മനോഹര്‍ ലാല്‍ ഖട്ടര്‍, കനയ്യ കുമാര്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, എന്നിവരടക്കം 889 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ അഞ്ച് ഘട്ടത്തിലും പോളിങ് ശതമാനത്തില്‍ ഉണ്ടായ ഇടിവ് ആറാം ഘട്ടത്തിലും തുടരുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടികള്‍.