സിഡ്‌നി: വടക്കൻ പാപുവ ന്യൂ ഗിനിയയിലെ ഒരു ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ നൂറുകണക്കിനാളുകൾ മരിച്ചതായി റിപ്പോർട്ട്. തലസ്ഥാനമായ പോർട്ട് മോറിസ്ബേയിൽനിന്ന് 600 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള എൻഗ പ്രവിശ്യയിൽ പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഉറങ്ങിക്കിടന്ന ജനങ്ങൾക്ക് കല്ലും മണ്ണും മരങ്ങളും ഉൾപ്പെടെ കുത്തിയൊലിച്ച് വന്നപ്പോൾ ഒന്നും ചെയ്യാനായില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണെന്ന് പ്രധാനമന്ത്രി ജെയിംസ് മറാപെ പറഞ്ഞു.