തിരുവനന്തപുരം: പുതിയ വിവാദത്തോടെ ബാറുകള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സർക്കാർ പൂർണ്ണമായും പിന്‍വാങ്ങിയേക്കും. ഡ്രൈ ഡേ വേണ്ടെന്നുള്ള സെക്രട്ടറി തല ശിപാർശ സർക്കാർ ഇനി ഗൗരവത്തില്‍ പരിഗണിക്കില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിൻ്റെ ഭാഗമായി ബാറുടമ അനിമോൻ്റെയും, ബാറുടമകളുടെ സംഘടന നേതാക്കളുടേയും മൊഴി ഉടൻ രേഖപ്പെടുത്തും. എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈഡേ ഭീമമായ നഷ്ടം വരുത്തുന്നുവെന്നായിരിന്നു സെക്രട്ടറി തല സമിതിയുടെ കണ്ടെത്തല്‍.
ബാറുകളുടെ പ്രവർത്തന സമയത്തിലും ചില ഇളവുകള്‍ വേണമെന്ന് ഉദ്യോഗസ്ഥ തല ശിപാർശ ഉണ്ടായിരിന്നു. ഇത് പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്ത നടപ്പാക്കാനായിരിന്നു എക്സൈസ് വകുപ്പിന്‍റെ ആലോചന. മദ്യനയത്തിന്‍റെ പ്രാരംഭ ചർച്ചകള്‍ക്കായി അടുത്ത മാസം മന്ത്രി ബാറുടമകള്‍ അടക്കമുള്ളവരുടെ യോഗം വിളിക്കാനും തീരുമാനിച്ചിരിന്നു. എന്നാല്‍ കോഴയാരോപണത്തോടെ ഇതൊന്നും മുന്നോട്ട് കൊണ്ടുപോവാൻ ഇനി സർക്കാരിനാവില്ല.