ഭോപ്പാൽ: ശബ്ദം മാറ്റുന്ന ആപ്പ് ഉപയോഗിച്ച് അധ്യാപികയെന്ന വ്യാജേന വിളിച്ചുവരുത്തി വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ബ്രജേഷ് പ്രജാപതിയെന്ന യുവാവാണ് പിടിയിലായത്. സ്‌കോളർഷിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാനെന്ന് പറഞ്ഞാണ് ഇയാൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പെൺകുട്ടികളെ ക്ഷണിക്കുക. ഈ വർഷം ജനുവരി മുതൽ മെയ് വരെ ഏഴ് ആദിവാസി പെൺകുട്ടികളെ ബലാത്സംഗം ചെയ്തതായി പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ സിധി ജില്ലയിലാണ് സംഭവം. പ്രതികൾക്കെതിരെ 4 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയും ബലാത്സംഗത്തിനിരയായിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ഇതുവരെ 7 പെൺകുട്ടികളെ ബലാത്സംഗം ചെയ്തതായി പ്രതി സമ്മതിച്ചു.
രണ്ട് പേരുടെ വിവരങ്ങൾ പരിശോധിച്ചുവരികയാണ്. അതിജീവിതകളുടെ എണ്ണം ഇനിയും കൂടാമെന്നും പൊലീസ് വ്യക്തമാക്കി. കൂട്ടബലാത്സംഗം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതിയുടെ രണ്ട് കൂട്ടാളികളെയും ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് സിദ്ധി എസ്പി രവീന്ദ്ര വർമ മാധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടികളുടെ ഫോൺ നമ്പറുകൾ ഇയാൾക്ക് എങ്ങനെ ലഭിച്ചുവെന്നതും അന്വേഷിക്കുന്നുണ്ട്.
പ്രതികൾ ഒരു പ്രത്യേക കോളേജിലെ വിദ്യാർത്ഥികളെ വനിതാ അധ്യാപികയെന്ന വ്യാജേന വിളിച്ച് സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണെന്ന വ്യാജേന വിളിച്ചുവരുത്തും. അവിടെ വെച്ച് ടീച്ചറുടെ മകനാണെന്ന് പരിചയപ്പെടുത്തുകയും ടീച്ചറെ കാണാനെന്ന വ്യാജേന അവരെ തൻ്റെ മോട്ടോർ സൈക്കിളിൽ കയറ്റി കൃഷിയിടത്തിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.