കോഴിക്കോട്: പ്രസംഗത്തിനിടെ നിരന്തരം അസഭ്യവാക്കുകൾ പറഞ്ഞതിനെ തുടർന്ന് ബിസിനസ് മോട്ടിവേഷനൽ സ്പീക്കർ അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിവെച്ചു. കഴിഞ്ഞ ദിവസം റോട്ടറി ഇന്റർനാഷനൽ കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയാണ് സദസ്സിലുണ്ടായിരുന്നവരുടെ പ്രതിഷേധത്തെ തുടർന്ന് അലങ്കോലമായത്. പ്രഭാഷകൻ തുടരെ അസഭ്യവർഷം നടത്തിയതോടെ പരിപാടിക്കെത്തിയവർ ബഹളം വയ്ക്കുകയായിരുന്നു. പിന്നീട് സംഘാടകർ ഇടപെട്ട് പരിപാടി നിർത്തിച്ചു.
മേയ് 21, 22 ദിവസങ്ങളിലായിരുന്നു കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ റോട്ടറി ഇന്റർനാഷനലിന്റെ മെഗാ ബിസിനസ് കോൺക്ലേവ് നടന്നത്. പരിപാടിയിൽ ‘എന്തുകൊണ്ടാണ് സെയിൽസ് ക്ലോസ് ചെയ്യാൻ പറ്റാത്തത്?’ എന്ന വിഷത്തിലായിരുന്നു അനിൽ ബാലചന്ദ്രൻ സംസാരിച്ചത്. ”കസ്റ്റമറുടെ പിറകെ തെണ്ടാൻ നിനക്ക് നാണമില്ലേ..’ എന്നു പറഞ്ഞായിരുന്നു അധിക്ഷേപം തുടങ്ങിയത്. തുടർന്നും വ്യവസായികളെ ‘തെണ്ടികൾ’ എന്നു വിളിച്ച് തെറിവിളി തുടർന്നതോടെ കേട്ടുനിന്നവരുടെ നിയന്ത്രണം നഷ്ടമായി.
അധിക്ഷേപവും തെറിവിളിയും തുടർന്നതോടെ സദസിൽനിന്ന് ആളുകൾ ഇടപെട്ടു. പരിപാടി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ശ്രോതാക്കൾ അനിൽ ബാലചന്ദ്രനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. പ്രതിഷേധം കൈയാങ്കളിയിലേക്കു നീങ്ങിയതോടെ സംഘാടകർ ഇടപെട്ട് പരിപാടി നിർത്തിവയ്ക്കുകയായിരുന്നു.ഉച്ചയ്ക്കു നടക്കേണ്ട പരിപാടിയിൽ മതിയായ ആളുകളില്ലെന്ന് പറഞ്ഞ് അനിൽ ബാലചന്ദ്രൻ ഹോട്ടലിൽനിന്ന് വേദിയിലേക്കു വരാൻ തയാറായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. പിന്നീട് സംഘാടകർ അനുനയിപ്പിച്ചാണ് വേദിയിലെത്തിച്ചത്. ഒരു മണിക്കൂർ വൈകിയായിരുന്നു പരിപാടി തുടങ്ങിയത്.
അനിലിന് അനുവദിച്ച സമയം 4 മണിവരെയായിരുന്നെന്നും എന്നാൽ അദ്ദേഹം അതിൽ കൂടുതൽ സമയമെടുത്തെന്നും സമയം വൈകിയത് അതിനു ശേഷം നടക്കാനിരുന്ന സിതാരയുടെ പരിപാടിയെയും ബാധിച്ചുവെന്നും സംഘാടകർ പറഞ്ഞു.പരിപാടിക്ക് അനിൽ ആവശ്യപ്പെട്ട നാല് ലക്ഷം രൂപ ജി.എസ്.ടി ഉൾപ്പെടെ ആദ്യമേ നൽകിയിരുന്നെന്നും അദ്ദേഹത്തിന്റെ ആവശ്യപ്രകാരം നിരവധി പരസ്യങ്ങളും നൽകിയെന്നും സംഘാടകനായ സവീഷ് പറഞ്ഞു. അയ്യായിരത്തോളം ആളുകളെ പ്രതീക്ഷിച്ചാണ് അനിൽ വന്നതെന്നും എന്നാൽ അത്ര ആളുകൾ ഉണ്ടായിരുന്നില്ലെന്നും സവീഷ് പറഞ്ഞു. ഇത് തങ്ങളുടെ പ്രശ്‌നമല്ലെന്നും അനിലിന്റെ അസഭ്യ വാക്കുകളാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.