Monday, September 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലോകകേരള സഭയിൽ നേതാക്കൾ പങ്കെടുക്കില്ല; ബാർ കോഴയിൽ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

ലോകകേരള സഭയിൽ നേതാക്കൾ പങ്കെടുക്കില്ല; ബാർ കോഴയിൽ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

തിരുവനന്തപുരം: മദ്യനയം പൊളിച്ചെഴുതി ബാറുടമകൾക്ക് അനുകൂലമാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ കോഴ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ പിണറായി സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ യുഡിഎഫ് തീരുമാനം. തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി ഇന്നലെ കന്റോൺമെന്റ് ഹൗസിൽ ചേർന്ന യുഡിഎഫ് ഏകോപന സമിതി യോ​ഗത്തിലാണ് ബാർ കോഴയിൽ അടിയന്തരമായി പ്രക്ഷോഭത്തിനിറങ്ങാൻ  തീരുമാനിച്ചത്. ഇതിന്റെ ആദ്യപടിയായി ഘടകകക്ഷികൾ അവരുടേതായ രീതിയിൽ പ്രക്ഷോഭം സംഘടിപ്പിക്കും. 

നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായി വിഷയം ഉന്നയിക്കാനാണ് കോൺ​ഗ്രസിന്റെ തീരുമാനം. ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സഭയിലും ഉന്നയിക്കും.  പ്രവാസിക്ഷേമം എന്ന വ്യാജേന കോടിക്കണക്കിന് രൂപ ധൂർത്തടിക്കുന്ന ലോകകേരള സഭയിൽ യുഡിഎഫ് നേതാക്കൾ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതായി യോ​ഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കൺവീനർ എംഎം ഹസൻ വ്യക്തമാക്കി. അതേസമയം, പ്രവാസികൾക്ക് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയെന്ന നിലയിൽ യുഡിഎഫിന്റെ പ്രവാസി സംഘടനാ പ്രതിനിധികൾക്ക് ലോകകേരള സഭയിൽ പങ്കെടുക്കാം.  

കഴിഞ്ഞ ലോകകേരള സഭകൾ പ്രവാസികളുടെ ക്ഷേമത്തിനായി യാതൊന്നു ചെയ്തിട്ടില്ലെന്ന് യോ​ഗം വിലയിരുത്തി. സ്പീക്കർ അധ്യക്ഷനായി നിയമസഭയുടെ മാതൃകയിൽ ലോകകേരള സഭ നടത്തുന്നുവെന്ന ആശയത്തിനോട് യുഡിഎഫിന് വിയോജിപ്പുണ്ട്. പ്രതിനിധികൾ ബില്ല് അവതരിപ്പിക്കുന്നതും മുഖ്യമന്ത്രി ബില്ല് അം​ഗീകരിക്കുന്നതുമൊക്കെ അനുചിതമാണ്. നിയമസഭയുടെ ശങ്കരൻതമ്പി ഹാളിൽ പരിപാടി നടക്കുന്നുവെന്നതല്ലാതെ നിയമസഭയുമായി ഈ പരിപാടിക്ക് യാതൊരു ബന്ധവുമില്ല. കഴിഞ്ഞ ലോകകേരള സഭകളുടെ ആക്ഷൻ ടേക്കൺ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാണോയെന്നും അദ്ദേഹം ചോദിച്ചു.

മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്താതെ സർക്കാർ ജനങ്ങളെ ദുരിതത്തിലാക്കി. യുഡിഎഫ് നടപ്പാക്കിയ ഓപ്പറേഷൻ അനന്ത അട്ടിമറിച്ച് തലസ്ഥാന ന​ഗരത്തെ വെള്ളത്തിൽ മുക്കി. എട്ടുകൊല്ലം സംസ്ഥാന ഭരണവും 25 കൊല്ലമായി കോർപ്പറേഷൻ ഭരണവും നടത്തുന്ന സിപിഎമ്മിന് ഇക്കാര്യത്തിൽ യാതൊരു താൽപ്പര്യവുമില്ല.  സ്കൂൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കേ ന​ഗരത്തിലെ സ്മാർട് റോഡുകളെല്ലാം പൊളിഞ്ഞു കിടക്കുകയാണ്. ജൂൺ 15നകം പണി തീരുന്ന ലക്ഷണവുമില്ല. കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിടുന്ന മേയർക്ക് കാൽനട യാത്രക്കാരുടെ മേൽ ചെളിവെള്ളം തെറിപ്പിക്കുന്ന ഏതെങ്കിലും വാഹനം തടയാൻ ധൈര്യമുണ്ടോയെന്ന് ചോദിച്ച യുഡിഎഫ് കൺവീനർ, യുദ്ധകാലാടിസ്ഥാനത്തിൽ റോഡുകൾ യാത്ര യോ​ഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments