തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കാൻ ക്രൈംബ്രാഞ്ച്. വിശദീകരണവുമായി ബാറുടമ അനിമോൻ ഇന്നലെ രംഗത്തുവന്നെങ്കിലും ഗൂഢാലോചനയെന്ന സർക്കാർ വാദം മുഖവിലയ്ക്കെടുക്കാൻ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ശബ്ദസന്ദേശം ചോർന്നതിന് പിന്നിൽ മറ്റാരെങ്കിമുണ്ടോ എന്നാണ് ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നത്. ഇന്നലെ രാത്രി അനിമോൻ മലക്കം മറിഞ്ഞെങ്കിലും വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നതിനാവും ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ പ്രാധാന്യം നൽകുക.
ഡ്രൈ ഡേ എടുത്തുകളയുന്നതടക്കമുള്ള മാറ്റങ്ങൾക്ക് പണം നൽകണമെന്നായിരുന്നു മുൻപ് അനിമോൻ ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ രാത്രിയിട്ട വാട്സ്ആപ്പ് സന്ദേശത്തിൽ, ഈ പണം കെട്ടിടം വാങ്ങാൻ വേണ്ടിയുള്ളതാണെന്നായിരുന്നു അനിമോന്റെ വാദം. അങ്ങനെയെങ്കിൽ ഏത് സാഹചര്യത്തിലാണ് അനിമോൻ ശബ്ദസന്ദേശം ഗ്രൂപ്പിലിട്ടത്? ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടോ? ഗൂഢാലോചനയുണ്ടെങ്കിൽ അതിനു പിന്നിൽ ആരൊക്കെയാണ്? ശബ്ദസന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്തുവിട്ടത് ആരാണ്? ആർക്കൊക്കെയാണ് അത് അയച്ചു നൽകിയത്? ഗ്രൂപ്പിലുള്ള ആരെങ്കിലുമാണോ, അതോ പുറത്തുള്ള മറ്റാരെങ്കിലുമാണോ ഇത് മാധ്യമങ്ങൾക്ക് നൽകിയത്? ഇക്കാര്യങ്ങളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക.