മലപ്പുറം: ബാര്‍ കോഴ ചെറിയ കാര്യമായി കാണാന്‍ കഴിയില്ലെന്നും സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും മുസ്‌ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അന്വേഷണം നടത്തുമ്പോഴല്ലേ വസ്തുത തെളിയൂ. അല്‍പം തീയുണ്ട്, അതുകൊണ്ടാണ് പുക. ആരോപണത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണം. പൊലീസ് അന്വേഷണം കൊണ്ട് കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബാര്‍ കോഴയില്‍ നിരന്തരമായ സമരപരിപടികള്‍ തുടങ്ങുമെന്നും നിയമസഭയില്‍ വിഷയം ഉന്നയിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. രണ്ടു മന്ത്രിമാരും രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ ബാറുകളുടെ എണ്ണം അനാവശ്യമായി വര്‍ധിപ്പിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ് രംഗത്തെത്തുന്നത്.
ലീഗ്, സമസ്ത തര്‍ക്കം പരിഹരിക്കപ്പെടും. പ്രശ്‌നങ്ങള്‍ വരും. അതൊക്കെ പരിഹരിക്കപ്പെടും. എല്ലാകാലത്തും സമുദായത്തിന് അകത്തുള്ള ഐക്യം നിലനില്‍ക്കും. മുസ്ലിം ലീഗിന്റെ സമുദായിക സൗഹാര്‍ദ കൂട്ടായ്മ നാളെ കോഴിക്കോട് നടക്കും. ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉള്‍പ്പെടെ വിവിധ മതമേലധ്യക്ഷന്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ പരാതിക്കാര്‍ ഇല്ലെന്ന് സത്യവാങ്മൂലം നല്‍കി. പരാതിക്കാരന്‍ കോടതിയില്‍ പോയിട്ട് വേണോ കുട്ടികള്‍ക്ക് സീറ്റ് ഉണ്ടാക്കാന്‍. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ ശക്തമായ പ്രക്ഷോഭമുണ്ടാകും. ഇത് രാഷ്ട്രീയ പ്രശ്‌നമല്ല. രക്ഷിതാക്കളും സാമുദായിക സംഘടനകളും എല്ലാം പ്രക്ഷോഭത്തില്‍ ഉണ്ടാകും. പ്ലസ് വണ്‍ സീറ്റ് ആവശ്യമല്ല അവകാശമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.