ന്യൂഡല്‍ഹി: ഈസ്റ്റ് ഡല്‍ഹിയിലെ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആശുപത്രി ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉടമയായ നവീന്‍ കിച്ചിയെയാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഏഴ് നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ ആരോഗ്യ സെക്രട്ടറിയോട് ഡല്‍ഹി സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിരിക്കുയാണ്. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കി.
ആശുപത്രിക്ക് എന്‍ഒസി ഇല്ലായിരുന്ന സാഹചര്യത്തിലാണ് ഉടമയെ കസ്റ്റഡലയിലെടുത്തിരിക്കുന്നത്. അശ്രദ്ധമൂലം സംഭവിച്ച മരണങ്ങള്‍ എന്നാണ് പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിരുന്നു. കുട്ടികള്‍ മരിച്ച സംഭവം ഹൃദയഭേദകമാണെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ ചികിത്സയുറപ്പാക്കും. ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. ശനിയാഴ്ച രാത്രി 11.30നായിരുന്നു അപകടം. അപകടം നടക്കുന്ന സമയത്ത് 12 നവജാത ശിശുക്കളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ച് കുട്ടികളെ രക്ഷപെടുത്തി.