ഡല്‍ഹിയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പഞ്ചാബില്‍ വ്യാപക പ്രചാരണത്തില്‍. അഞ്ചുദിവസം തുടര്‍ച്ചയായി കേജ്‍രിവാള്‍ പഞ്ചാബില്‍ ക്യാംപ് ചെയ്ത് പ്രചാരണം നടത്തും. മോദിക്കെതിരെ പോരാടാന്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ കേജ്‍രിവാള്‍ അഭ്യര്‍ഥിച്ചു.ഇന്ത്യ സഖ്യമില്ലാത്ത സംസ്ഥാനത്ത്, കോണ്‍ഗ്രസ് മുഖ്യ എതിരാളി ആയിട്ടും കോണ്‍ഗ്രസിനെ വിമര്‍ശിക്കാതെ മോദിയെയും ബിജെപിയെയും കടന്നാക്രമിച്ചുമാണ് അരവിന്ദ് കേജ‍്‌രിവാളിന്‍റെ പ്രചാരണം. ടൗണ്‍ ഹാള്‍ യോഗങ്ങള്‍, റാലികള്‍, റോഡ് ഷോകള്‍ എന്നിവയെല്ലാം പ്രചാരണത്തിന്‍റെ ഭാഗമായുണ്ട്. ഫിറോസ്പൂരിലും ഹോഷിയാര്‍പൂരിലും ഭട്ടിന്‍ഡയിലുമായിരുന്നു കേജ്‍രിവാളിന്‍റെ ആദ്യ പ്രചാരണം
അഞ്ച് ദിവസംകൊണ്ട് സംസ്ഥാനത്തെ 13 ലോക്സഭ സീറ്റിലും കേജ്‍രിവാള്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും പ്രചാരണത്തിനെത്തും. പരസ്യപ്രചാരണം അവസാനിക്കുന്ന അടുത്ത വ്യാഴാഴ്ച മാത്രമേ കേജ്‍രിവാള്‍ ഇനി ഡല്‍ഹിക്ക് മടങ്ങുകയുള്ളു. പഞ്ചാബില്‍ അധികം താരപ്രചാരകരില്ലാത്ത ആം ആദ്മി പാര്‍ട്ടി കൂടുതലായി ആശ്രയിക്കുന്നത് അരവിന്ദ് കേജ്‍രിവാളിനെത്തന്നെയാണ്. കേജ്‌രിവാള്‍ ജയിലിലായപ്പോള്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നായിരുന്നു പ്രചാരണം നയിച്ചത്. അവസാനഘട്ടത്തില്‍ ജൂണ്‍ ഒന്നിനാണ് പഞ്ചാബിലെ എല്ലാ ലോക്‌സഭാ സീറ്റിലേക്കും തിരഞ്ഞെടുപ്പ്. ഡല്‍ഹിയിലും ഹരിയാനയിലും ഗുജറാത്തിലും ആപ്പിനും കോണ്‍ഗ്രസിനും സീറ്റ് വിഭജനത്തില്‍ എത്താന്‍ സാധിച്ചെങ്കില്‍, പഞ്ചാബില്‍ പ്രാഥമിക ചര്‍ച്ച പോലും നടന്നില്ല. എങ്കിലും പരസ്പരം ആക്രമിക്കാതെയാണ് കോണ്‍ഗ്രസും ആപ്പും പ്രചാരണം നടത്തുന്നത്. സഖ്യമില്ലാതെ മല്‍സരിക്കുന്ന ബിജെപിയും ശിരോമണി അകാലി ദളും കൂടി ഉള്‍പ്പെടുന്നതോടെ ശക്തമായ ചതുഷ്കോണ മല്‍സരമാണ് ഇത്തവണ പഞ്ചാബിലേത്.