Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം; രാത്രി 7 മുതൽ രാവിലെ 6 വരെ യാത്ര ചെയ്യരുത്

ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം; രാത്രി 7 മുതൽ രാവിലെ 6 വരെ യാത്ര ചെയ്യരുത്

ഇടുക്കി: മഴ ശക്തമായതോടെ ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം. രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെയാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മഴ കനത്തതോടെ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിരോധനവും ഏർപ്പെടുത്തിയത്. ശക്തമായ കാറ്റിനും സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ഇതിനിടെ കോട്ടയം ജില്ലയിൽ ഉരുള്‍പൊട്ടലില്‍ വ്യാപകനാശനഷ്ടം ഉണ്ടായി. ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്തെ ഏഴ് വീടുകള്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. വ്യാപകമായി കൃഷിനാശമുണ്ടായി. ആളയപായമില്ല. കോട്ടയത്ത് ഇന്ന് രാവിലെ മുതല്‍ അതിശക്തമായ മഴയാണ്.

തലനാട് പഞ്ചായത്തിലെ ഇല്ലിക്കകല്ലിന് സമീപം ചോനമലയിലും ഉരുള്‍ പൊട്ടലുണ്ടായി. ഉരുളില്‍ നരിമറ്റം ചോവൂര്‍ ഇലവുമ്പാറ പൊതുമരാമത് റോഡ് തകര്‍ന്നു. വ്യാപക കൃഷി നാശവുമുണ്ടായി. കോട്ടയം ജില്ലയില്‍ വരും ദിവസങ്ങളില്‍ മഴ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്.

കോട്ടയം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി ഉത്തരവ് പുറത്തിറക്കി.

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആയിരിക്കും. എറണാകുളം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ ഇന്ന് രാവിലെ അതിശക്തമായ മഴയാണ് ലഭിച്ചത്.

കൊച്ചിയില്‍ രാവിലെ 9.10 മുതല്‍ 10.10 വരെ മാത്രം പെയ്തത് 100 മില്ലി മീറ്റര്‍ മഴയാണ്. 11 മണി മുതല്‍ 12 മണി വരെ 98.4 മില്ലി മീറ്റര്‍ മഴയും ലഭിച്ചു. മഴയില്‍ കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ഗതാഗതക്കുരുക്കും രൂക്ഷമാണ്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. കാക്കനാട് വാഴക്കാല മാര്‍ക്കറ്റ് വെള്ളത്തില്‍ മുങ്ങി. മാര്‍ക്കറ്റില്‍ മീന്‍, മാംസം, പച്ചക്കറികള്‍ തുടങ്ങിയവ വെള്ളത്തില്‍ നശിച്ചു. അങ്കമാലിയില്‍ റോഡ് അരികില്‍ പാര്‍ക്ക് ചെയ്ത ഇരുചക്ര വാഹനങ്ങള്‍ ഒഴുകിപ്പോയി. നഗരത്തിലെ പ്രധാന റോഡുകളില്‍ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments