കോപൻഹേഗൻ: ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള ബിൽ ഡെന്മാർക്ക് പാർലമെന്‍റ് വോട്ടിനിട്ട് തള്ളി. സ്വതന്ത്ര രാജ്യമായി പരിഗണിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ ഫലസ്തീന് ഇല്ലെന്ന് ഡാനിഷ് വിദേശകാര്യ മന്ത്രി ലാർസ് ലോക്കി റാസ്മുസെൻ പറഞ്ഞു. നാല് ഇടത് പാർട്ടികളുടെ പിന്തുണയോടെ ഫെബ്രുവരിയിലാണ് ബിൽ പാർലമെന്‍റിൽ ആദ്യമായി കൊണ്ടുവന്നത്.
ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകാരം നൽകാൻ ആവശ്യമായ സാഹചര്യങ്ങളല്ല നിലവിൽ ഫലസ്തീനിലുള്ളതെന്ന് കഴിഞ്ഞ ഏപ്രിലിൽ ബിൽ ചർച്ചക്കെടുത്തപ്പോൾ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. നിലവിൽ ഈ ബില്ലിനെ പിന്തുണക്കാൻ സാധിക്കില്ല. എന്നാൽ, പിന്തുണക്കാൻ കഴിയുന്ന ഒരു ദിവസം ഭാവിയിൽ വരുമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ചൊവ്വാഴ്ച നടന്ന ബില്ലിലെ വോട്ടെടുപ്പിൽ നിന്ന് വിദേശകാര്യ മന്ത്രി വിട്ടുനിന്നു.
നോർവേ, അയർലൻഡ്, സ്പെയിൻ എന്നീ യൂറോപ്യൻ രാജ്യങ്ങൾ ഫലസ്തീനെ ഈയിടെ രാഷ്ട്രമായി അംഗീകരിച്ചിരുന്നു. ഒരു രാഷ്ട്രമെന്ന നിലക്ക് എല്ലാ അവകാശങ്ങളും നൽകിയാണ് ഫലസ്തീനെ അംഗീകരിക്കുകയെന്ന് മൂന്ന് രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡാനിഷ് പാർലമെന്‍റിൽ വോട്ടെടുപ്പ് നടന്നത്. നിലവിൽ 143 രാജ്യങ്ങൾ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നവരാണ്.