കോഴിക്കോട്: വടകരയിലെ കാഫിർ പ്രയോഗത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മുൻ എംഎൽഎ കെ കെ ലതികയുടെ മൊഴി രേഖപ്പെടുത്തി. വടകര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് ലതികയുടെ മൊഴി രേഖപ്പെടുത്തിയത്. കാഫിർ പ്രയോഗമുള്ള വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് ലതിക ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കെകെ ലതികയുടെ വീട്ടിലെത്തിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ വോട്ടെടുപ്പിന്റെ തലേ ദിവസമാണ് വിവാദ വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചുള്ളതായിരുന്നു സന്ദേശം. മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ കാസിമിന്റെ പേരിൽ പ്രചരിച്ച സന്ദേശം തന്റെ പേരിൽ വ്യാജ ഐഡി സൃഷ്ടി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പികെ കാസിമാണ് പൊലീസിന് പരാതി നൽകിയത്. വ്യാജ സന്ദേശമാണെന്നും ഇതിന്റെ സൃഷ്ടാവിനെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് സമരവും നടത്തിയിരുന്നു.