തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര 27ന് തിരുവനന്തപുരത്തു സമാപിക്കും. സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 27ന് രാവിലെ 10ന് സെന്‍ട്രൽ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അരലക്ഷം പേര്‍ പങ്കെടുക്കും. 19 പാര്‍ലമെന്റ് മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയാണ് പദയാത്ര തിരുവനന്തപുരത്തെത്തുന്നത്. ജനുവരി 27ന് കാസര്‍കോടുനിന്നാണു പദയാത്ര ആരംഭിച്ചത്.
കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും കേന്ദ്ര സംസ്ഥാന നേതാക്കളും അണിചേര്‍ന്ന പദയാത്ര വിജയകരമാക്കുന്നതു സാധാരണ ജനങ്ങളാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹകസമിതി അംഗവുമായ കുമ്മനം രാജശേഖരന്‍, ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ‘‘രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങളിലും മോദി നല്‍കുന്ന ഗാരന്റിയിലും വിശ്വാസം പുലര്‍ത്തിയാണ് അവരെല്ലാം ബിജെപിക്കൊപ്പമെത്തുന്നത്. കേരളത്തില്‍ വലിയമാറ്റത്തിനു വഴിതുറക്കുകയാണ് നരേന്ദ്ര മോദിയുടെ ഗാരന്റി. പദയാത്രയിലൂടെ വിവിധ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍നിന്നായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പതിനായിരത്തിലധികം പുതിയ ആളുകള്‍ ബിജെപിയില്‍ അംഗത്വമെടുത്തു’’ – നേതാക്കൾ പറഞ്ഞു.