ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാന പരിപാടിയിൽ പങ്കെടുക്കുന്നതിന് ബി.ജെ.പി നേതാക്കൾക്കും പ്രവർത്തകർക്കും കേന്ദ്ര നേതൃത്വം വിലക്കേർപ്പെടുത്തി. മോദിയുടെ സ്വകാര്യ സന്ദർശനമായതിനാലാണ് കന്യാകുമാരിയിൽ എത്തേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം പ്രത്യേകം നിഷ്കർഷിച്ചത്. ഹെലികോപ്ടർ ലാൻഡിങ് കേന്ദ്രമായ കന്യാകുമാരിയിലെ ഗവ. ഗെസ്റ്റ് ഹൗസ് പരിസരത്ത് മോദിയെ സ്വീകരിക്കുന്നതിനെത്തിയ മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പൊൻ രാധാകൃഷ്ണന് അനുമതി നിഷേധിക്കപ്പെട്ടു. കേന്ദ്രമന്ത്രി എൽ. മുരുകൻ, ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ തുടങ്ങിയവരും കന്യാകുമാരി സന്ദർശനം റദ്ദാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വൈകീട്ട് അഞ്ചേകാലോടെ തിരുവനന്തപുരത്തുനിന്ന് പ്രത്യേക ഹെലികോപ്ടറിൽ കന്യാകുമാരിയിലെത്തി. പിന്നീട് ഭഗവതിയമ്മൻ കോവിലിൽ ദർശനം നടത്തിയതിനുശേഷം ബോട്ട് മാർഗം വിവേകാനന്ദ പാറ സ്മാരകത്തിലെത്തി. ഇവിടെ പ്രത്യേകം സജ്ജമാക്കിയ ഇടത്തിൽ വൈകീട്ട് ആറര മണിയോടെ ധ്യാനം തുടങ്ങുകയായിരുന്നു. ജൂൺ ഒന്നിനാണ് അദ്ദേഹം ഇവിടെനിന്ന് ഡൽഹിക്ക് തിരിക്കുക.