മാലി: സമുദ്ര സുരക്ഷയും പരസ്പര പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിക്കുന്നതിന് ഇന്ത്യ, മാലദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ സംയുക്ത അഭ്യാസം ആരംഭിച്ചു. ഫെബ്രുവരി 25 വരെ നടക്കുന്ന ‘ദോസ്തി-16’ അഭ്യാസത്തിന് ഐ സി ജി എസ് സമര്‍ഥും ഐ സി ജി എസ് അഭിനവും ശ്രീലങ്കന്‍ നാവികസേനാ കപ്പലായ സമുദ്രയും മാലദ്വീപിലുണ്ട്. നിരീക്ഷകരായി ബംഗ്ലാദേശ് പങ്കെടുക്കുന്നുണ്ട്.
കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ ഐ സി ജി എസ് ഡോര്‍നിയറും ‘ദോസ്തി’ ത്രിരാഷ്ട്ര അഭ്യാസത്തിന്റെ ഭാഗമാണ്. ഇന്ത്യ, മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലെ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനും സൗഹൃദം ശക്തിപ്പെടുത്തുന്നതിനും പരസ്പര പ്രവര്‍ത്തന ശേഷി മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായി ശ്രീലങ്ക പറഞ്ഞു.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എ ഡി ജി എസ് പരമേഷിന് മാലദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് ഊഷ്മളമായ സ്വീകരണം നല്‍കി.
സമുദ്ര പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുതിയ അറിവ് നേടുക, തന്ത്രങ്ങളും അനുഭവങ്ങളും കൈമാറ്റം ചെയ്യുക, ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഉയര്‍ന്നുവരുന്ന സമുദ്ര വെല്ലുവിളികള്‍ തിരിച്ചറിയുക, അവയ്ക്ക് സഹകരിച്ച് പരിഹാരങ്ങള്‍ കണ്ടെത്തുക എന്നിവയുള്‍പ്പെടെ നിരവധി നേട്ടങ്ങളാണ് സംയുക്ത അഭ്യാസ പ്രകടനം ലക്ഷ്യമിടുന്നത്.