ഗുവാഹത്തി: അസമിൽ പ്രളയക്കെടുതി രൂക്ഷം. ദിവസങ്ങളായി തുടരുന്ന മഴയും വെള്ളപ്പൊക്കവും ഏകദേശം 11 ജില്ലകളെയാണ് ബാധിച്ചത്. റോഡ്, റയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. അതേസമയം കഴിഞ്ഞ മെയ് 28 മുതൽ സംസ്‌ഥാനത്തു പ്രളയക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. വെള്ളിയാഴ്‌ച്ച മാത്രം മരിച്ചത് 6 പേരാണ്.
മഴയ്‌ക്കൊപ്പം റെമാൽ ചുഴലിക്കാറ്റും ദുരന്തം വിതച്ച സംസ്‌ഥാനത്തു ഏകദേശം 3,49,045 പേരാണ് ദുരിത ബാധിതർ. കർബി ആങ്‌ലോങ്, ദേമാജി, ഹോജായ് , കച്ചർ, കരിംഗഞ്ജ് , ദിബ്രുഗർഹ്, നാഗോൻ, ഹൈലക്കണ്ടി, ഗോലാഘട്, വെസ്റ്റ് കർബി ആങ്‌ലോങ് , ദിമാ ഹസാവോ, എന്നീ ജില്ലകളെയാണ് പ്രളയം ബാധിച്ചത്. കച്ചർ ജില്ലയിലാണ് പ്രളയം കൂടുതൽ നാശം വിതച്ചത്. 1,19,997 പേരാണ് ജില്ലയിൽ ദുരന്തബാധിതർ.
ബരാക്ക് നദി അപായകരമാംവിധംഒഴുകുന്നതിനെ തുടർന്ന് സിൽച്ചറിലെക്കുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പ്രളയത്തെത്തുടർന്ന് കേന്ദ്ര സഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്‌ഥാനത്തിന് ഉറപ്പു നൽകിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ യും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ വിളിച്ച് സംസ്‌ഥാനത്തെ സ്ഥിതിഗതികൾ ആരാഞ്ഞു.അതേസമയം സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.