ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ പൊതുതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന് (എ.എൻ.സി) തിരിച്ചടി.
ഇതോടെ സഖ്യസർക്കാറിനുള്ള ചർച്ചകൾക്ക് തുടക്കമായി. 61.2 ശതമാനം പോളിങ് സ്റ്റേഷനുകളിൽനിന്നുള്ള ഫലങ്ങൾ വരുമ്പോൾ, പ്രസിഡന്റ് സിറിൽ റമാഫോസയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ എ.എൻ.സി 41.9 ശതമാനം വോട്ടാണ് നേടിയത്. 2019ൽ 57.5 ശതമാനമായിരുന്നു. 1994ന് ശേഷം ഇതാദ്യമായാണ് എ.എൻ.സിക്ക് ഭൂരിപക്ഷം നഷ്ടമാകുന്നത്.
പ്രധാന പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് അലയൻസ് 21 ശതമാനം വോട്ടുനേടി. 15 ശതമാനം വോട്ടുകളുമായി മുൻ പ്രസിഡന്റ് ജേക്കബ് സുമയുടെ എം.കെ പാർട്ടി മൂന്നാം സ്ഥാനത്താണ്. എ.എൻ.സിയുടെ ശക്തികേന്ദ്രങ്ങളിൽ പലയിടത്തും എം.കെ പാർട്ടിയാണ് മുന്നേറ്റം നടത്തിയത്.