മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലോഡിയ ഷെയ്ൻബാമിനെ തെരഞ്ഞെടുത്തു. വൻ ഭൂരിപക്ഷത്തിൽ ചരിത്ര വിജയമാണ് മെക്സിക്കോ സിറ്റി മുൻ മേയർകൂടിയായ 61കാരി കരസ്ഥമാക്കിയത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലം പുറത്തുവന്നപ്പോൾ ക്ലോഡിയോ 58 ശതമാനത്തിനും 60 ശതമാനത്തിനും ഇടയിൽ വോട്ട് നേടിയതായി മെക്സിക്കോയുടെ ഔദ്യോഗിക തെരെഞ്ഞടുപ്പ് അതോറിറ്റി വ്യക്തമാക്കി. മെക്സിക്കൻ ഇടതുപാർട്ടിയായ ‘മൊറേന’യുടെ സ്ഥാനാർഥിയായാണ് ഇവർ മൽസരിച്ചത്. മുഖ്യ എതിരാളിയും വ്യവസായ പ്രമുഖയുമായ സോഷിത് ഗാൽവേസിനേക്കാളും 30 ശതമാനത്തിലേറെ വോട്ടുകൾക്കാണ് ക്ലോഡിയ മുന്നിട്ടു നിൽക്കുന്നത്.
നിലവിലെ പ്രസിഡന്റ് ആന്ദ്രേസ് മാന്വൽ ലോപസ് ഒബ്രഡോറിന്റെ പിൻഗാമിയായാണ് ഇവർ വരുന്നത്. 2018ൽ മെക്സിക്കോ സിറ്റിയുടെ ആദ്യ വനിതാ മേയറായപ്പോൾ രാജ്യത്തെ ഏറ്റവും സ്വാധീനശേഷിയുള്ള രാഷ്ട്രീയ പദവികളിലൊന്നായി അത് മാറി. മെക്സിക്കൻ രാഷ്ട്രീയത്തിലെ ‘കണ്ണാടി മേൽക്കൂര’ പൊട്ടിച്ചാണ് ക്ലോഡിയ അധികാരത്തിലേക്ക് നടന്നടുത്തതെന്ന് രാഷ്ട്രീയ വിചക്ഷണർ വിലയിരുത്തുന്നു. 200 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഒരു വനിത രാജ്യത്തെ നയിക്കാനെത്തുന്നത്.
മെക്സിക്കോയുടെ ‘നാലാമത്തെ പരിവർത്തനം’ അഥവാ 4Tഎന്ന പേരിലാണ് പ്രസിഡന്റ് ഒബ്രഡോറും അനുയായികളും ഇവരുടെ വരവിനെ ആഘോഷിക്കുന്നത്. 1810ലെ സ്വാതന്ത്ര്യപ്രാപ്തി, 1858ലെ ചർച്ചും രാഷ്ട്രവും വേർതിരിക്കപ്പെട്ട ‘നവീകരണ യുദ്ധം’, 1910ലെ മെക്സിക്കൻ വിപ്ലവം എന്നീ മുന്നേറ്റങ്ങൾക്കുശേഷമുള്ള നാലാമത്തെ ഘട്ടമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഒബ്രഡോറിന്റെ പുരോഗമന സമീപനം തുടരുമെന്ന് മുൻ ഊർജ്ജ ശാസ്ത്രജ്ഞ കൂടിയായ ക്ലോഡിയ ഉറപ്പു നൽകുന്നു. ‘നിങ്ങൾ തോൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ എന്നാണ് തന്റെ പ്രസംഗത്തിൽ അവർ വോട്ടർമാരോട് പറഞ്ഞത്.
ബൾഗേറിയയിൽനിന്നും മെക്സിക്കോയിലേക്ക് കുടിയേറിയ ജൂത കുടുംബത്തിലെ അംഗമാണ് ക്ലോഡിയ. മെക്സിക്കോയിലും കാലിഫോർണിയയിലുമായി ഉന്നത പഠനം നടത്തിയ ഇവർ ഊർജ്ജത്തെയും പരിസ്ഥിതിയെയും സുസ്ഥിര വികസനത്തെയും സംബന്ധിച്ചുള്ള 100 ലധികം ലേഖനങ്ങൾ രചിച്ചു. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഇന്റർ ഗവൺമെന്റൽ പാനലിലേക്കടക്കം സംഭാവനകൾ അർപ്പിച്ചു. ബി.ബി.സിയുടെ 2018ലെ ശക്തരായ 100 വനിതകളിലൊരാളായും ഇടംപിടിച്ചു.