തിരുവനന്തപുരം∙ സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായി മൂന്നുപേരെ ശുപാർശ ചെയ്തുകൊണ്ട് സർക്കാർ സമർപ്പിച്ച പട്ടിക ഗവർണർ മടക്കി അയച്ചു. നിയമനത്തിനെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിലാണു നടപടി. സർക്കാർ വിശദീകരണം ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും. സ്വകാര്യ കോളജിൽനിന്നു വിരമിച്ച രണ്ട് അധ്യാപക സംഘടനാ നേതാക്കളെയും ഒരു മാധ്യമ പ്രവർത്തകനെയും കമ്മിഷണർമാരായി നിയമിക്കണമെന്നാണു സർക്കാർ ശുപാർശ ചെയ്തത്.
സുപ്രീംകോടതി വ്യവസ്ഥകൾ ലംഘിച്ചും ഉയർന്ന യോഗ്യതയുള്ള അപേക്ഷകരെ ഒഴിവാക്കിയും നിയമനം നടത്താനുള്ള സർക്കാർ ശുപാർശ പുനഃപരിശോധനയ്ക്കു വിധേയമാക്കണമെന്നു ഗവർണർക്കു പരാതി ലഭിച്ചിരുന്നു. അർധ ജുഡീഷ്യൽ അധികാരമുള്ള വിവരാവകാശ കമ്മിഷനിൽ കാര്യക്ഷമമായും നീതിപൂർവമായും പ്രവർത്തിക്കാൻ യോഗ്യതയുള്ളവരെ നിയമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.
നിയമം, സയൻസ് ആൻഡ് ടെക്നോളജി, മാനേജ്മെന്റ്, ജേർണലിസം, സാമൂഹിക സേവനം, ഭരണരംഗം എന്നീ മേഖലകളിൽ മികച്ച പ്രാവീണ്യം നേടിയവരായിരിക്കണം ഈ പദവിയിലേക്കു പരിഗണിക്കപ്പെടേണ്ടതെന്നാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്. മൂന്നു വർഷമാണു വിവരാവകാശ കമ്മിഷണർമാരുടെ കാലാവധി.