Friday, January 3, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമാസപ്പടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിയാക്കണമെന്ന് വി.ഡി സതീശൻ

മാസപ്പടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിയാക്കണമെന്ന് വി.ഡി സതീശൻ

കാഞ്ഞങ്ങാട് : മാസപ്പടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിയാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും സമരാഗ്നി പ്രക്ഷോഭ ജാഥ നയിക്കുന്നത്. എല്ലാ ജില്ലകളിലും ഈ സര്‍ക്കാരുകളുടെ ഭരണം കൊണ്ട് ദുരിതം അനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കും.

സങ്കടവും ദുരിതവും പ്രയാസങ്ങളും അനുഭവിക്കുന്ന സാധാരണക്കാരാണ് ഞങ്ങളുടെ വി.ഐ.പികള്‍. അല്ലാതെ ആര്‍ഭാട ബ്രേക്ക് ഫാസ്റ്റ് നടത്തിയുള്ള പരിപാടികളല്ല സമരാഗ്നിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. സമൂഹിക സുരക്ഷാ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചതിന്റെ ഇരകളായി മാറിയവരുമായി ആശയവിനിമയം നടത്തും. അവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന് അവയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കും. ജനങ്ങളെ ഭിപ്പിപ്പിച്ചും മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കെട്ടിയും രാഷ്ട്രീയലാഭമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വിദ്വേഷത്തിന്റെ കാമ്പയിനും തുറന്നു കാട്ടും.

വര്‍ഗീയതക്കെതിരെ കോണ്‍ഗ്രസ് രാജ്യത്ത് ഉയര്‍ത്തുന്ന ശക്തമായ നിലപാട് സംബന്ധിച്ചും ജനങ്ങളുമായി ആശയവിനിമയം നടത്തും. സര്‍ക്കാരിന്റെ അഴിമതി ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടും. സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍ കോഴ, എ.ഐ കാമറ, കെഫോണ്‍, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അഴിമതി, മാസപ്പടി ഉള്‍പ്പെടെയുള്ളവയെ കുറിച്ച് ജനങ്ങളോട് പറയും. സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും ജാഥായിലെ പ്രചരണ വിഷയമാകും.

140 നിയോജക മണ്ഡലങ്ങളിലും വിചാരണ സദസ് നന്നായി സംഘടിപ്പിച്ചു. 90 ശതമാനം സ്ഥലങ്ങളിലും വന്‍വിജയമായിരുന്നു. പല നിയോജക മണ്ഡലങ്ങളിലും ജനപങ്കാളിത്തം കൊണ്ട് വിചാരണ സദസ് നവകേരള സദസിനേക്കാള്‍ ശ്രദ്ധേയമായി. കുടുംബശ്രീക്കാരെയും അംഗന്‍വാടി ജീവനക്കാരെയും തൊഴിലുറപ്പ് ജീവനക്കാരെയും ആശാവര്‍ക്കര്‍മാരെയും ഉദ്യോഗസ്ഥരെയും സ്‌കൂള്‍ കുട്ടികളെയും നിര്‍ബന്ധപൂര്‍വം എത്തിച്ചാണ് നവകേരള സദസ് നടത്തിയത്. എന്നാല്‍ സര്‍ക്കാരിനോട് പ്രതിഷേധമുള്ളവരെയും പാര്‍ട്ടി അനുഭാവികളെയുമാണ് ഞങ്ങള്‍ പങ്കെടുപ്പിച്ചത്.നവകേരള സദസിന്റെ സമാപനം അശ്ലീല സദസു പോലെയായിരുന്നു. പൊലീസിനെയും ഗുണ്ടകളെയും ഇറക്കി ഞങ്ങളുടെ കുട്ടികളെ മര്‍ദ്ദിക്കുകയും ജയിലിലാക്കുകയും ചെയ്തതിന് എതിരായ ജനരോഷവും വിചാരണ സദസിലുണ്ടായി.

വിചാരണ സദസിലൂടെ ജനങ്ങളുമായി സംവദിച്ചു. സമരാഗ്നിയിലൂടെ വീണ്ടും സമരത്തിലേക്ക് പോകുകയാണ്. സമരാഗ്നി കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും നയിക്കണമെന്നത് പാര്‍ട്ടി തീരുമാനമാണ്. ഇത് ഒരുമയുടെ ഏറ്റവും വലിയ തെളിവാണ്. അസൂയപ്പെട്ടിട്ട് കാര്യമില്ല.മടിയില്‍ കനമില്ലെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. പിന്നീട് രണ്ടു കൈകളും പൊക്കി ഈ രണ്ടു കൈകളും ശുദ്ധമാണെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.മൂന്നാമതായി ഭാര്യയുടെ പെന്‍ഷന്‍ കിട്ടിയ കാശു കൊണ്ടാണ് ഐ.ടി കമ്പനി തുടങ്ങിയതെന്ന് പറഞ്ഞു. ഏത് അന്വേഷണവും നടക്കട്ടേയെന്നും പറഞ്ഞു. പക്ഷെ അന്വേഷണം വന്നപ്പോള്‍ കെ.എസ്.ഐ.ഡി.സിയെ കൊണ്ട് 25 ലക്ഷം രൂപ മുടക്കി ഡല്‍ഹിയില്‍ നിന്നും അഭിഭാഷകനെ വരുത്തി ഹൈക്കോടതിയില്‍ കേസ് കൊടുപ്പിച്ചു.അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് മകളെക്കൊണ്ട് കര്‍ണാടക ഹൈക്കോടതിയിലും കേസ് കൊടുപ്പിച്ചു. ഏത് അന്വേഷണവും നടക്കട്ടേയെന്നും കൈകള്‍ ശുദ്ധമാണെന്നും മടിയില്‍ കനമില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി അന്വേഷണം വന്നപ്പോള്‍ പേടിച്ചോടുകയാണ്. എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്? അന്വേഷണം നടക്കട്ടെ ഭയപ്പെടാനില്ലെന്നാണ് പാര്‍ട്ടി പറഞ്ഞത്. എന്നിട്ടാണ് അന്വേഷണം തടയാന്‍ കോടതിയിലേക്ക് ഓടുന്നത്.ഒരു സര്‍വീസും ചെയ്യാതെ മകളുടെ കമ്പനിയിലേക്കും അക്കൗണ്ടിലേക്കും മകളുടെ അക്കൗണ്ടിലേക്കും പണം എത്തിയെന്നാതാണ് കേസ്. ജോലി ചെയ്യാതെ വാങ്ങിയത് കള്ളപ്പണമാണ്. ഷെല്‍ കമ്പനി പോലെയാണ് എക്‌സാലോജിക് പ്രവര്‍ത്തിച്ചത്. അതുകൊണ്ടു തന്നെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരവും അഴിമതി നിരോധന നിയമ പ്രകാരവുമാണ് അന്വേഷണം നടക്കേണ്ടത്.

മുഖ്യമന്ത്രി കൂടി ഇതില്‍ പ്രതിയാകും. സ്റ്റാറ്റിയൂട്ടറി ബോര്‍ഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം. എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ അതിന് തയാറാകുമെന്ന് തോന്നുന്നില്ല. ലൈഫ് മിഷന്‍ കോഴക്കേസില്‍ മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനോ മൊഴിയെടുക്കാനോ തയാറായില്ല. ലൈഫ് മിഷന്‍ കോഴക്കേസിലേതു പോലെ മുഖ്യമന്ത്രിയെ ഒഴിവാക്കാനാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നതെങ്കില്‍ അതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.കേരളത്തിന് നല്‍കിയ നികുതി വിഹിതം സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി പറഞ്ഞത് കബളിപ്പിക്കുന്ന കണക്കാണ്. തുകയല്ല ശതമാനമാണ് പറയേണ്ടത്. 2004 ലെ യു.പി.എ സര്‍ക്കാരിന്റെ കാലത്തെ നികുതി വരുമാനമല്ല ഇപ്പോഴത്തേത്. ഇക്കാര്യം ജനങ്ങള്‍ മനസിലാക്കണം. കോഴിക്കോട് കോന്നാട് ബീച്ചില്‍ സദാചാര ആക്രമണം നടത്തിയ മഹിള മോര്‍ച്ചക്കാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണം. സദാചാര പൊലീസ് ചമയാന്‍ ഒരാളെയും ചുമതലപ്പെടുത്തിയിട്ടില്ല. ബീച്ചിലെ ക്രമസമാധാനം നോക്കാന്‍ പൊലീസുണ്ടെന്നും സതീശൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com